ന്യൂഡെല്‍ഹി: മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുകേഷന്‍ ടെക് കംപനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റീന സൂപര്‍ താരം ലയോനല്‍ മെസിയെ തിരഞ്ഞെടുത്തതായി കംപനി വെള്ളിയാഴ്ച അറിയിച്ചു. ബൈജൂസുമായി മെസി കരാറില്‍ ഒപ്പുവെച്ചു.
എല്ലാവര്‍ക്കുമായുള്ള വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവിന്റെ ബ്രാന്‍ഡ് ആദ്യ ആഗോള അംബാസഡറായാണ് ഫുട്‌ബോള്‍ താരത്തെ നിയോഗിച്ചത്. 2020ലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സോഷ്യല്‍ ഇനിഷ്യേറ്റീവ് ബൈജൂസ് തുടക്കമിട്ടത്.
ബൈജൂസിന്റെ ജേഴ്‌സി ധരിച്ച് ലോകകപില്‍ കളിക്കാനുപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് മെസി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഖത്വറില്‍ ലോകകപിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മെസിയെ ബൈജൂസ് ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്. ഈ മാസം തുടങ്ങുന്ന ഖത്വര്‍ ലോകകപിന്റെ ഔദ്യോഗിക സ്‌പോന്‍സര്‍ കൂടിയാണ് ബൈജൂസ്.