കുടിയേറ്റക്കാരെ നാടുകടത്തി അഫ്ഗാനിസ്ഥാനെ പാകിസ്ഥാന്‍ അപമാനിക്കുകയാണെന്ന് താലിബാന്‍. താലിബാന്‍ സര്‍ക്കാരിലെ ആക്ടിംഗ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. വിഷയത്തില്‍ തങ്ങളുടെ ആശങ്ക പാകിസ്ഥാന്‍ സൈന്യത്തെയും വിദേശകാര്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ടെന്നും മുത്താഖി പറഞ്ഞു. എന്നാല്‍ ഒരു നടപടിയുമെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയെന്നതാണ് പാകിസ്ഥാന്റെ ലക്ഷ്യം.
അത്ര പെട്ടെന്ന് തങ്ങള്‍ കീഴടങ്ങില്ലെന്നും മുത്താഖി പറഞ്ഞു. അഫ്ഗാന്‍ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും തിരിച്ചയയ്ക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിൽ മുത്താഖി ആശങ്ക പ്രകടിപ്പിച്ചു. തങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടും ഈ ദുര്‍ബല വിഭാഗത്തെ തിരിച്ചയ്ക്കാനുള്ള തീരുമാനം അവര്‍ പുനപരിശോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ ഈ സംഭവങ്ങള്‍ വഴിയൊരുക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം കുടിയേറ്റക്കാരുടെ കുത്തൊഴുക്കിലൂടെ അഫ്ഗാനിസ്ഥാന് നേരിടേണ്ടി വരുന്ന വെല്ലുവിളികളെപ്പറ്റി യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുന്ന വ്യക്തികളുടെ എണ്ണം അടുത്ത കാലത്ത് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാകിസ്ഥാൻ അന്ത്യശാസനം നല്‍കിയതിന് പിന്നാലെ 25000ലധികം വ്യക്തികളാണ് പാകിസ്ഥാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറിയത്.
എല്ലാവരും സ്വമേധയയാണ് അഫ്ഗാനിലേക്ക് കുടിയേറിയതെന്നാണ് പാകിസ്ഥാന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ നിര്‍ബന്ധിത നാടുകടത്തലാണ് നടക്കുന്നതെന്ന് അഫ്ഗാന്‍ ആരോപിച്ചു. പാകിസ്ഥാനില്‍ നിന്നെത്തുവരെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ രാജ്യം സജ്ജമായിരിക്കണമെന്ന് അഫ്ഗാന്‍ വിദേശകാര്യ ആക്ടിംഗ് ഡെപ്യൂട്ടി മന്ത്രി അറിയിച്ചു. വിഷയത്തില്‍ അനുകൂല നിലപാടാണ് അഫ്ഗാന്‍ ജനതയും സ്വീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന് ഇപ്പോള്‍ ശക്തമായ പ്രതിരോധ സേനയും ആയുധങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 31 ഓടെ അനധികൃത അഫ്ഗാന്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും തിരികെ പോകണമെന്ന് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 2 ദശലക്ഷത്തോളം വരുന്ന അഫ്ഗാന്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അനധികൃത കുടിയേറ്റക്കാരെയാണ് തിരിച്ചയയ്ക്കുന്നത് എന്നാണ് പാക് സര്‍ക്കാര്‍ നല്‍കുന്ന വിവരം. അതേസമയം ചെറിയ കുറ്റങ്ങള്‍ക്ക് തടവിലാക്കപ്പെട്ട അഫ്ഗാനിസ്ഥാൻ പൌരന്മാരെയും നാടുകടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.