Thursday, June 12, 2025

HomeWorldഫ്ലൈറ്റിലെ ലഗേജ് രണ്ടു ദിവസം വൈകി; ഇൻഡിഗോ ദമ്പതികൾക്ക് 70,000 രൂപ നൽകണമെന്ന് കോടതി.

ഫ്ലൈറ്റിലെ ലഗേജ് രണ്ടു ദിവസം വൈകി; ഇൻഡിഗോ ദമ്പതികൾക്ക് 70,000 രൂപ നൽകണമെന്ന് കോടതി.

spot_img
spot_img

ല​ഗേജ് എത്താൻ രണ്ടു ദിവസം വൈകിയ സംഭവത്തിൽ ദമ്പതികൾക്ക് വിമാനക്കമ്പനിയായ ഇൻഡി​ഗോ 70,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ബെംഗളൂരുവിലുള്ള ദമ്പതികളാണ് ഇൻഡിഗോക്കെതിരെ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. രണ്ടു വർഷം മുൻപ് ഇരുവരും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട്‍ബ്ലെയറിൽ അവധിയാഘോഷിക്കാൻ പോയപ്പോഴായിരുന്നു സംഭവം.

2021 അവസാനത്തോടെയാണ് ബം​ഗളൂരുവിലെ ബയപ്പനഹള്ളി സ്വദേശിയായ സുരഭി ശ്രീനിവാസും ഭർത്താവ് ബോല വേദവ്യാസ് ഷേണായിയും അവധിക്കാലം ആഘോഷിക്കാൻ പോർട്ട്‍ബ്ലെയറിലേക്ക് പുറപ്പെട്ടത്. എന്നാൽ തങ്ങളുടെ ല​ഗേജ് എത്താൻ വൈകിയത് അവധിയാഘോഷത്തെ ബാധിച്ചെന്നും പ്ലാൻ ചെയ്തതു പോലെ കാര്യങ്ങൾ നടന്നില്ലെന്നും ദമ്പതികൾ ആരോപിച്ചു.

2021 നവംബർ 1നാണ് അവധിക്കാലം ആഘോഷിക്കാൻ ഇരുവരും ബെംഗളൂരുവിൽ നിന്ന് പോർട്ട് ബ്ലെയറിലേക്ക് പുറപ്പെട്ടത്. ​ആൻഡമാനിലെ ബോട്ട് സവാരിക്കുള്ള വസ്ത്രങ്ങളും മരുന്നുകളും ഫെറി ടിക്കറ്റുകളും അടങ്ങിയ ഇവരുടെ ലഗേജുകൾ പോർട്ട് ബ്ലെയറിൽ എത്താൻ വൈകി. ഇത് ചൂണ്ടിക്കാട്ടി ദമ്പതികൾ ഇൻഡിഗോയെ സമീപിച്ചു. ബാഗ് അടുത്ത ദിവസം തന്നെ എത്തിക്കുമെന്ന് ഇൻഡിഗോയുടെ ഗ്രൗണ്ട് ക്രൂ അം​ഗങ്ങൾ ഉറപ്പു നൽകിയെങ്കിലും അതും നടന്നില്ല. ഒടുവിൽ നവംബർ 3 ന് വൈകുന്നേരമാണ് ലഗേജുകൾ എത്തിയത്, അപ്പോഴേക്കും അവധിദിനങ്ങൾ പകുതിയും കഴിഞ്ഞിരുന്നു. അവശ്യ വസ്തുക്കൾ പോലും ഇവർക്ക് പോർട്ട് ബ്ലെയറിൽ നിന്ന് വാങ്ങേണ്ടി വരികയും ചെയ്തു.

ബംഗളൂരു വിമാനത്താവളത്തിൽ നിന്നും ലഗേജ് കയറ്റി വിട്ടിട്ടില്ല എന്ന കാര്യം ഇൻഡിഗോ ഉദ്യോ​ഗസ്ഥർക്ക് അറിയാമായിരുന്നു എന്നും ഈ വിവരം തങ്ങളോട് പറഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി സുരഭിയും ബോലയും നവംബർ 18 ന് ഇൻഡിഗോ എയർലൈനിന്റെ ഓപ്പറേറ്റർമാരായ ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് വക്കീൽ നോട്ടീസ് അയച്ചു. ഒരു വർഷത്തിനുശേഷം, തങ്ങളുടെ അവധിയാഘോഷം താറുമാറാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയർലൈനിനെതിരെ പരാതിയുമായി ഇരുവരും ശാന്തിനഗറിലുള്ള ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു.

പോർട്ട് ബ്ലെയറിലെ ഇൻഡി​ഗോ ജീവനക്കാർ പിറ്റേ ദിവസം ലഗേജ് എത്തിക്കാൻ ശ്രമിച്ചെന്നും പക്ഷേ അതിനു കഴിഞ്ഞില്ലെന്നും കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇവർ എത്തിയപ്പോഴേക്കും ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിലേക്കുള്ള ബോട്ട് പുറപ്പെട്ടിരുന്നു, അതിനാൽ പരാതിക്കാരായ യാത്രക്കാരുടെ പക്കൽ കൃത്യസമയത്ത് ലഗേജ് എത്തിക്കാൻ കഴിഞ്ഞില്ലെന്നും അഭിഭാഷകൻ അറിയിച്ചു.

കേസിൽ 2023 സെപ്റ്റംബർ 26-നാണ് കോടതി വിധി പ്രസ്താവിച്ചത്. ദമ്പതികളുടെ അവധിയാഘോഷം തടസപ്പെടുത്തിയതിന് ഇൻഡിഗോ ഉത്തരവാദിയാണെന്നും നഷ്ടപരിഹാരം നൽകണണെന്നും കോടതി അറിയിച്ചു. ലഗേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരമായി കമ്പനി ദമ്പതികൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും അവർക്കുണ്ടായ മാനസിക പീഡനത്തിന് 10,000 രൂപ നൽകാനും കോടതി ചെലവിനായി 10,000 രൂപ നൽകാനും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments