കൊറോണ മഹാമാരിയുടെ ഉറവിടം കണ്ടെത്താനൊരുങ്ങി ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച വിവരങ്ങള്‍ ചൈനയോട് ആവശ്യപ്പെട്ടതായി ഡബ്ല്യുഎച്ച്‌ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കൊറോണ വൈറസിന്റെ ഉത്ഭവം മനസിലാക്കുന്നതിനും കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനുമാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. വുഹാനില്‍ ഉത്ഭഭവിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും കൊറോണ വൈറസ് വിതച്ച ഭീതിയില്‍ നിന്ന് ലോകം മുക്തമായിട്ടില്ല. എങ്ങനെയാണ് വൈറസ് ഭൂമിയിലെത്തിയതെന്ന് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ കഴിവുള്ള ശ്വാസകോശ രോഗകാരിയായി തുടരുകായണ് സാര്‍സ്-കോവ് 2.
വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച് രണ്ട് പ്രധാന സാധ്യതകളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വാഭാവിക സൂനോട്ടിക് സ്പില്‍ ഓവറിന്റെ ഫലമായോ അല്ലെങ്കില്‍ ഗവേഷണവുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ അതിന്റെ അനന്തരഫലമായോ ആകാം വൈറസ് മനുഷ്യരെ ബാധിച്ചതെന്നാണ് വിദഗ്ധരുടെ വാദം. ഇപ്പോഴും ഈ മാരക വൈറസ് അന്താരാഷ്‌ട്ര തലത്തില്‍ അടിയന്തരാവസ്ഥ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
2023 ജനുവരിയില്‍ ചേരുന്ന കൊറോണ അടിയന്തര സമിതിയുടെ അടുത്ത യോഗത്തില്‍ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഡബ്ല്യുഎച്ച്‌ഒ തലവന്‍ പറഞ്ഞു. എന്നാല്‍ വൈറസ് പൂര്‍ണമായും ഭൂ മുഖത്ത് നിന്ന് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.