ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ ഭീമന്‍ അക്വേറിയം വെള്ളിയാഴ്ച പൊട്ടിത്തെറിച്ചു. 1500-ലധികം ഉഷ്ണമേഖലാ സമുദ്രമത്സ്യങ്ങളുടെ ആവാസകേന്ദ്രവും പത്ത് ലക്ഷം ലിറ്ററിലധികം വെള്ളവുമുള്‍ക്കൊള്ളുന്ന അക്വാഡാമാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിയെത്തുടര്‍ന്ന് ഹോട്ടലും സമീപത്തെ തെരുവുകളും വെള്ളത്തിനടിയിലായി. പൊട്ടിത്തെറിയില്‍ ഗ്ലാസ് കഷ്ണങ്ങള്‍ തെറിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. നൂറിലധികം വ്യത്യസ്തയിനം മത്സ്യങ്ങളില്‍ ഭൂരിഭാഗവും ചത്തുവെന്നാണ് വിവരം.
15.85 മീറ്റര്‍ ഉയരമുള്ള അക്വാഡാം ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സിലിണ്ടര്‍ അക്വേറിയമാണ്. രണ്ടുവര്‍ഷംമുന്‍പ് സന്ദര്‍ശകര്‍ക്കായി ലിഫ്റ്റുകള്‍ നിര്‍മിച്ചിരുന്നു. അതിശൈത്യമുള്ള ബര്‍ലിനില്‍ താപനില മൈനസ് ആറു ഡിഗ്രിവരെ ഒറ്റരാത്രികൊണ്ട് താഴ്ന്നിരുന്നു. ഇത് അക്വേറിയത്തിലുണ്ടാക്കിയ വിള്ളലാണ് അപകടകാരണമെന്ന് സംശയിക്കുന്നു