ബാങ്കോക്ക്: കടലില്‍ മുങ്ങിയ തായ്‌ലന്‍ഡ് യുദ്ധക്കപ്പലിലെ സൈനികര്‍ക്കായി തിരച്ചില്‍ തുടരുന്നു.
തായ്‌ലന്‍ഡ് കടലിടുക്കില്‍ ഞായറാഴ്ച മുങ്ങിയ കപ്പലിലെ നാവികരെ കണ്ടെത്താന്‍ ഹെലികോപ്റ്ററുകളും യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. രാത്രിയിലും തിരച്ചില്‍ നിര്‍ത്തിയില്ലെന്നു നാവികസേന അറിയിച്ചു.
എച്ച്‌ടിഎംസ് സുഖോതായ് എന്ന യുദ്ധക്കപ്പലാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് അര്‍ധരാത്രിയോടെ മുങ്ങിയത്. തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ, ബാങ്കോക്കിനു തെക്കുള്ള പ്രച്വാപ്ഖിരി ഖാന്‍ പ്രവിശ്യയിലായിരുന്നു അപകടം. മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. കപ്പലിലുണ്ടായിരുന്ന 106 പേരില്‍ 73 പേരെ രക്ഷിച്ചിരുന്നു. ബാക്കിയുള്ള 33 പേര്‍ക്കായാണു തിരച്ചില്‍ പുരോഗമിക്കുന്നത്.
കപ്പല്‍ മുങ്ങിയതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ചിത്രങ്ങള്‍ തായ്‌ലന്‍ഡ് നാവികസേന ട്വീറ്റ് ചെയ്തു. 1987 മുതല്‍ ഉപയോഗിക്കുന്ന യുഎസ് നിര്‍മിത കപ്പലാണു സുഖോതായ്. ഞായറാഴ്ചയുണ്ടായ ശക്തമായ തിരമാലയില്‍പ്പെട്ടാണു കപ്പലിനു കേടുപാടുണ്ടായത് എന്നാണു പ്രാഥമിക നിഗമനം