പാരീസ്: ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ കലാപസമാനമായ സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍.
ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് അര്‍ജന്റീന പരാജയപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് നഗരങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. പാരീസില്‍ പ്രതിഷേധിക്കാര്‍ കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സ് അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ പാരിസിലെ ലിയോണിലെ തെരുവുകളില്‍ വന്‍തോതില്‍ ഫുട്ബോള്‍ ആരാധകര്‍ തടിച്ചുകൂടി. പ്രതിഷേധക്കാര്‍ പോലീസിനും ജനങ്ങള്‍ക്കും നേരെ കല്ലുകളും പടക്കങ്ങളും എറിയുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. തലസ്ഥാനത്തെ പ്രശസ്തമായ ചാംപ്‌സ്-എലിസീസില്‍ ഫുട്ബോള്‍ ആരാധകരും പോലീസും ഏറ്റുമുട്ടി.
ലിയോണ്‍ നഗരത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് നേരെ പോലീസുകാര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്തുടനീളം 14,000 പോലീസുകാരെ വിന്യസിച്ചതായി ദ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റീന ലോകകപ്പ് നേടിയത്.
കിംഗ്‌സ്‌ലി കോമാനും ഔറേലിയന്‍ ചൗമേനിയും ഫ്രാന്‍സിനായി പെനാല്‍റ്റി നഷ്ടപ്പെടുത്തി. ഇതോടെ ഷൂട്ടൗട്ടില്‍ അര്‍ജന്റീന 4-2ന് ജയിച്ചു. 3-3 ഗോളുകള്‍ നേടി ഇരുടീമുകളും സമനില തുടര്‍ന്നതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.