വത്തിക്കാന്‍: അന്തരിച്ച എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന സംസ്കാര ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.
തിങ്കളാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കും. വത്തിക്കാന്‍ ന്യൂസ് ആണ് സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ വില്പത്രം തയാറാക്കുകയും മരണശേഷം പ്രസിദ്ധീകരിക്കാനായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമനെ അടക്കിയ അതേ കല്ലറയില്‍ അടക്കണമെന്ന ബെനഡിക്ട് പതിനാറാമന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ജീവചരിത്രകാരന്‍ ആല്‍ബര്‍ട്ടോ മെല്ലോനി വ്യക്തമാക്കിയിരുന്നു.
പ്രാദേശിക സമയം 9.34ന് വത്തിക്കാനിലെ മേറ്റര്‍ എക്സീസിയ മൊണാസ്ട്രിയില്‍ വെച്ചാണ് ആഗോള കത്തോലിക്കാ സഭയെ നയിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അന്ത്യം സംഭവിച്ചത്. 2005ലാണ് ബനഡിക്ട് പതിനാറാമന്‍ 265ാമത്തെ മാര്‍പാപ്പയായത്. പ്രായവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 28ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.