നോര്‍ത്താംപ്ടണ്‍: യുകെയില്‍ മലയാളി യുവതി പനി ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി അമല്‍ അഗസ്റ്റിന്റെ ഭാര്യ അഞ്ജു അമല്‍ (29) ആണ് മരിച്ചത്. പനിയെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം ഒരാഴ്ച മുന്‍പ് നോര്‍ത്താംപ്ടണ്‍ എന്‍എച്ച്എസ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. ചികിത്സയില്‍ തുടരവേ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
നോര്‍ത്താംപ്ടണിലെ വില്ലിങ്‌ബ്രോയില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠനത്തിനായി വിദ്യാര്‍ഥി വീസയിലാണ് അഞ്ജു യുകെയില്‍ എത്തുന്നത്. ചെംസ്‌ഫോഡ് ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായിരുന്നു. പഠനശേഷം പോസ്റ്റ് സ്റ്റഡി വര്‍ക് വീസയില്‍ തുടരവേ സ്വകാര്യ സ്ഥാപനത്തില്‍ എക്‌സ്‌പോര്‍ട്ട് ക്ലാര്‍ക്ക് ആയി രണ്ടര വര്‍ഷം മുന്‍പ് വര്‍ക് വീസ ലഭിച്ചു. രണ്ടു വര്‍ഷം മുന്‍പാണ് വിവാഹിതയായത്.
വയനാട് പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് – സെലിന്‍ ദമ്പതികളുടെ മകളാണ്. സഹോദരി: ആശ. സംസ്‌കാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി സുഹൃത്തുക്കളും യുകെയിലുള്ള അഞ്ജുവിന്റെ ബന്ധുക്കളും അറിയിച്ചു. നാട്ടില്‍ ഇരിട്ടി കല്ലുവയല്‍ സെന്റ് ആന്റണീസ് റോമന്‍ കത്തോലിക്കാ പള്ളിയിലെ അംഗങ്ങളാണ് അഞ്ജുവിന്റെ കുടുംബം.