ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞയാഴ്ച്ച ഇന്ത്യയിലെത്തിയപ്പോള്‍ ഗുജറാത്തിലെ ഹലോലിലെ ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള ജെ.സി.ബി ഫാക്ടറി സന്ദര്‍ശിച്ചതിനെ പാര്‍ലമെന്റില്‍ വിമര്‍ശിച്ച് ബ്രിട്ടിഷ് എം.പിമാര്‍.
ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ വര്‍ഗീയ സംഘട്ടനവും നോര്‍ത്ത്, വെസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ നടത്തിയ ഇടിച്ചുനിരത്തിലുകളിലെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിഷയം ഉന്നയിച്ചിരുന്നോ എന്ന് എംപിമാര്‍ ചോദിച്ചു.
ഈ മാസം ആദ്യം രാമനവമി സമയത്ത് പൊട്ടിപ്പുറപ്പെട്ട അക്രമത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മുസ് ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളും വീടുകളും തകര്‍ത്തതിനിടയിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഹമ്മദാബാദിലെ ഒരു ജെസിബി ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നത്.
വ്യവസായ സഹകരണം നല്ലതാണെങ്കിലും മനുഷ്യാവകാശ ലംഘനം കണ്ടില്ലെന്ന് നടിച്ച പ്രധാനമന്ത്രിയുടെ നടപടിയെ ലേബര്‍ പാര്‍ട്ടിയിലെ ഇന്ത്യന്‍ വംശജയായ നാദിയ വിറ്റോം ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തു.
‘പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, ഫാക്ടറിയിലെ ജെസിബിയില്‍ ചാരി നിന്ന് അദ്ദേഹം ഫോട്ടോ എടുത്തതായി ഞങ്ങള്‍ക്കറിയാം. ദിവസങ്ങള്‍ക്ക് മുമ്ബ് ബിജെപി, ജെസിബി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മുസ് ലിം കടകളും വീടുകളും മസ്ജിദിന്റെ ഗേറ്റും തകര്‍ത്തു. പ്രധാനമന്ത്രി ഇത് മോദിയോട് ഉന്നയിച്ചോ?. ഇല്ലെങ്കില്‍ എന്തുകൊണ്ട്? മോദിയുടെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം സഹായിച്ചെന്ന് മന്ത്രി അംഗീകരിക്കുന്നുണ്ടോ?’-നാദിയ വിറ്റോം ചോദിച്ചു.
കോവെന്‍ട്രി സൗത്തില്‍ നിന്നുള്ള എംപി സാറാ സുല്‍ത്താനയും യുകെ പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിച്ചു.