ലണ്ടന്‍ : കുഞ്ഞിനെ കാണാന്‍ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ ബ്രിട്ടനിലെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കോട്ടയം കറുകച്ചാല്‍ സ്വദേശി ഷൈജു സ്‌കറിയ ജെയിംസാണ് (37) ഇന്നലെ വൈകിട്ട് ഇംഗ്ലണ്ടിലെ പ്ലിമത്തില്‍ മരിച്ചത്. സിസേറിയനു ശേഷം ആശുപത്രിയില്‍ കഴിയുന്ന നഴ്‌സായ ഭാര്യയെും കുഞ്ഞിനെയും കണ്ടശേഷം ഭക്ഷണം കഴിക്കാന്‍ പോയ ഷൈജുവിനെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രി കാന്റീനിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഷൈജുവിന്റെ ഭാര്യ നിത്യ രണ്ടു ദിവസം മുമ്പാണ് സിസേറിയനിലൂടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ കഴിയുന്ന നിത്യയെയും കുഞ്ഞിനെയും കാണാനെത്തിയ ഷൈജു ഭക്ഷണം കഴിക്കാനായി ആശുപത്രി കാന്റീനിലേക്കു പോയി ഏറെനേരം കഴിഞ്ഞുട്ടും തിരിച്ചു വന്നില്ല. ഇതിനിടെ ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചെങ്കിലും ഫോണെടുത്തില്ല. മൂത്ത കുട്ടിയെ സ്‌കൂളില്‍നിന്നും കൊണ്ടുവരേണ്ട സമയമായിട്ടും പ്രതികരിക്കാതായതോടെ പന്തികേടു തോന്നിയ നിത്യ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് കാന്റീനിലെ ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ ഷൈജുവിനെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്.