ന്യൂ ഡൽഹി ; ത്രിദിന യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ജര്‍മനിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ജര്‍മ്മിനിയില്‍ എത്തിയത്.
‘ബെര്‍ലിനില്‍ എത്തി, ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ച നടത്തും. ബിസിനസ്സ് നേതാക്കളുമായി സംവദിക്കുകയും ഒരു കമ്മ്യൂണിറ്റി പ്രോഗ്രാമിനെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഈ സന്ദര്‍ശനം ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദം വര്‍ദ്ധിപ്പിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ബര്‍ലിനില്‍ ഇന്ത്യ-ജര്‍മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സല്‍റ്റേഷന്‍സ് (ഐസിജി) മോദിയും ഷോള്‍സും ചേര്‍ന്നു നയിക്കും. പ്രമുഖ സിഇഒമാരുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.
‘ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ദീര്‍ഘകാല വാണിജ്യ ബന്ധങ്ങള്‍ ഇരു രാജ്യങ്ങളുടേയും പങ്കാളിത്തത്തിന്റെ നെടുംതൂണുകളില്‍ ഒന്നാണ്. ഇരു രാജ്യങ്ങളിലേയും വ്യവസായ മേഖലയെ ഊര്‍ജ്വസ്വലമാക്കുകയെന്ന ലക്ഷ്യത്തോടെ ചാന്‍സലര്‍ ഷോള്‍സും ഞാനും സംയുക്തമായി ഒരു ബിസിനസ് റൗണ്ട് ടേബിളിനെ അഭിസംബോധന ചെയ്യും, രണ്ട് രാജ്യങ്ങളിലും കൊവിഡ് സാമ്ബത്തിക വീണ്ടെടുക്കലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’, പ്രധാനമന്ത്രി വ്യക്തമാക്കി.