ലണ്ടന്‍ : ബ്രിട്ടീഷ് പ്രാദേശിക കൗണ്‍സിലില്‍ മേയറായി മറ്റൊരു മലയാളികൂടി തിരഞ്ഞെടുക്കപ്പെട്ടു. സിംഗപ്പൂര്‍വഴി ബ്രിട്ടനിലേക്കു കുടിയേറിയ മലയാളിയായ സുശീല ഏബ്രഹാമാണ് റോയല്‍ ബറോ ഓഫ് കിംങ്‌സറ്റണ്‍ അപോണ്‍ തേംസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. കിംങ്സ്റ്റണിലെ സര്‍ബിട്ടണില്‍ താമസിക്കുന്ന പ്രമുഖ സോളിസിറ്റര്‍ കൂടിയായ സുശീല ഏബ്രഹാം, ബാരിസ്റ്റര്‍ ഡോ. മാത്യു ഏബ്രാഹാമിന്റെ ഭാര്യയാണ്.
ഇക്കുറി ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സുശീല ഉള്‍പ്പെടെ നാല് മലയാളികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒരാള്‍ പിന്നീട് നോമിനേഷനിലൂടെയും കൗണ്‍സിലറായി. ഇവരില്‍നിന്നും മേയറായി തിരഞ്ഞെടുക്കപ്പെടാന്‍ ഭാഗ്യം ലഭിച്ചത് സുശീലയ്ക്കു മാത്രമാണ്.
ലൌട്ടണ്‍ സിറ്റി കൗണ്‍സിലേക്ക് മൂന്നാംവട്ടവും സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ മേയര്‍ ഫിലിപ്പ് ഏബ്രഹാം, ബേസിന്‍ സ്റ്റോക്കില്‍നിന്നും ലേബര്‍ ടിക്കറ്റില്‍ ജയിച്ച സജീഷ് ടോം, ഹാംഷെയറില്‍നിന്നും ടോറി ടിക്കറ്റില്‍ ജയിച്ച അജി പീറ്റര്‍ എന്നിവരാണ് മറ്റ് മലയാളി കൗണ്‍സിലര്‍മാര്‍.
ഇവര്‍ക്കൊപ്പം മില്‍ട്ടണ്‍ കെയിന്‍സിലെ ഫ്‌ലിറ്റ് വിക്ക് കൗണ്‍സിലിലേക്ക് കോ- ഓപ്റ്റ് ചെയ്യപ്പെട്ട അശ്വിന്‍ ചാക്കോ എന്ന യുവ എന്‍ജിനീയറും ബ്രിട്ടനിലെ മലയാളികളുടെ അഭിമാനമായി മാറി. കെന്റിലെ ജില്ലിംങ്ങാമില്‍ താമസിക്കുന്ന പന്തളം മുടിയൂര്‍ക്കോണം തെക്കടത്ത് പുത്തന്‍വീട്ടില്‍ മാത്യു ചാക്കോയുടെയും ശോശാമ്മയുടെയും മകനാണ് ചെറുപ്രായത്തിലെ തന്നെ കൌണ്‍സിലര്‍ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അശ്വിന്‍ ചാക്കോ.
ബ്രിട്ടീഷ് പ്രാദേശിക കൗണ്‍സിലുകളില്‍ ഇതിനു മുമ്പും നിരവധി മലയാളികള്‍ മേയര്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രമുഖ സാഹിത്യകാരികൂടിയായ ഓമന ഗംഗാധരന്‍ ന്യൂഹാമിലും, തിരുവന്തപുരം സ്വദേശിയായ മഞ്ജു ഷാഹുല്‍ ഹമീദ് ക്രോയിഡണിലും, ഫിലിപ്പ് ഏബ്രഹാം ലൌട്ടണ്‍ സിറ്റി കൗണ്‍സിലിലും, കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോം ആദിത്യ ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കിലും മുന്‍കാലങ്ങളില്‍ മേയര്‍മാരായിരുന്നു.