രാജിവച്ചെങ്കിലും ഔദ്യോഗിക വസതിയില്‍ ഗംഭീര വിവാഹ സത്കാര വിരുന്നിനൊരുങ്ങി ബ്രിട്ടന്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി തുടരുന്ന ബോറിസ് ജോണ്‍സണ്‍ തന്റെ ഔദ്യോഗിക വസതിയിലാകും വിരുന്ന് ഒരുക്കുക.
1920 മുതല്‍ ബ്രിട്ടീഷ് പ്രധാന മന്ത്രിമാരുടെ അവധിക്കാല വിഹാരകേന്ദ്രമായ ചെക്കേഴ്‌സിലാകും വിവാഹ സത്കാര വിരുന്ന്. ജൂലൈ 30നാണ് വിന്‍സ്റ്റണ്‍ ചര്‍ചിലിന്റെ വസതിയായിരുന്ന ചെക്കേഴ്‌സില്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.
എന്നാല്‍ ബോറിസ് ജോണ്‍സണ് അല്‍പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍ വിവാഹം മറ്റൊരു സ്ഥലത്ത് നടത്തണമെന്നാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പ്രതിനിധികളുടെ നിലപാട്. എന്നാല്‍ പുതിയ പ്രധാനമന്ത്രി വരുന്നത് വരെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് തന്നെ തുടര്‍ന്ന് രാജ്യത്തിന്റെ കാര്യങ്ങള്‍ നോക്കി നടത്തുമെന്ന് ബോറിസിന്റെ വാക്താവ് വ്യക്തമാക്കി.
2021 ല്‍ കൊവിഡ് മഹാമാരിക്കാലത്താണ് ബോറിസ് ജോണ്‍സണും കാരിയും വിവാഹിതരാകുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട വളരെ കുറച്ച് പേരുടെ സാന്നിധ്യത്തിൽ വെസ്റ്റ്മിനിസ്റ്റര്‍ കതീഡ്രലിലെ ചടങ്ങിലായിരുന്നു വിവാഹം