ലണ്ടന്‍: ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ പകുതി അംഗങ്ങളും ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനക് നല്ലൊരു പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിക്കുന്നു.
ഞായറാഴ്ച നടന്ന പുതിയ അഭിപ്രായ സര്‍വേയില്‍ 48 ശതമാനം പേരാണ് സുനകിനെ അനുകൂലിച്ചത്. ജെ.എല്‍ പാര്‍ട്ണേഴ്സ് 4400 പേരില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസാണ് രണ്ടാമതെന്നും സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 39 ശതമാനം പേരാണ് പിന്തുണച്ചത്. 33 ശതമാനം പേര്‍ വാണിജ്യമന്ത്രി പെന്നി മൊര്‍ഡോണ്ടിന് അനുകൂലമാണ്.
ബോറിസ് ജോണ്‍സണിന്റെ പിന്‍ഗാമിയായി അടുത്ത കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള മത്സരം ഈ മൂന്നു പേരിലേക്ക് ചുരുങ്ങുന്നതിനിടെയാണ് സര്‍വേ വരുന്നത്. മുന്‍ മന്ത്രി കെമി ബാദെനോച്, പാര്‍ലമെന്റ് വിദേശകാര്യ സമിതി അധ്യക്ഷന്‍ ടോം തുഗെന്‍ദാറ്റ് എന്നിവര്‍ നാലും അഞ്ചും സ്ഥാനത്താണുള്ളത്.
അതേസമയം, സര്‍വേയില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി കണ്‍സര്‍വേറ്റിവുകളേക്കാള്‍ 11 പോയന്റ് മുന്നിലാണ്. കണ്‍സര്‍വേറ്റിവുകള്‍ 31 പോയന്റ് നേടിയപ്പോള്‍ ലേബര്‍ പാര്‍ട്ടി 42 പോയന്റ് നേടി