ലണ്ടന്‍: യുകെയില്‍ മലയാളി കുടുംബത്തിലെ വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിയായ ഗില്‍ജിത് തോമസിന്റെ ഭാര്യയും ഗോവ സ്വദേശിനിയുമായ അക്ഷധ ശിരോദ്കര്‍ (38) ആണ് മരിച്ചത്. അപസ്മാരത്തിനു ചികിത്സ തേടിയിരുന്ന അക്ഷധയെ തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ് രക്തം വാര്‍ന്നു പോയിരുന്നു. അപസ്മാരത്തെ തുടര്‍ന്ന് നിലത്തു വീണുണ്ടായ മുറിവില്‍നിന്നു രക്തം വാര്‍ന്നതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അക്ഷധയെ തിങ്കളാഴ്ച പകല്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്ന് ലെസ്റ്ററില്‍ തന്നെ താമസിക്കുന്ന സഹോദരിയും കുടുംബവും അന്വേഷിച്ചു വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ഗില്‍ജിത് വീട്ടില്‍ ഉണ്ടായിരുന്നില്ല. നാല് വയസ്സുകാരനായ ഏക മകന്‍ ആരോണ്‍ മാത്രമാണ് ഒപ്പം ഉണ്ടായിരുന്നത്അക്ഷധയോടൊപ്പം താമസിച്ചിരുന്ന മാതാപിതാക്കള്‍ ഗോവയില്‍ അവധിക്കായി പോയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.