Sunday, October 2, 2022

HomeWorldEuropeഎലിസബത്ത് രാജ്ഞിക്ക് ചാൾസിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

എലിസബത്ത് രാജ്ഞിക്ക് ചാൾസിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

spot_img
spot_img

ലണ്ടന്‍: പ്രിയപ്പെട്ട അമ്മക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയുമായി മകനും കിരീടാവകാശിയുമായ ചാള്‍സ് മൂന്നാമന്‍ .അമ്മ എന്നും തനിക്ക് പ്രചോദനവും, മാതൃകയുമായിരുന്നു എന്ന് സൂചിപ്പിച്ച രാജാവ്, കണ്ണീരോടെയാണ് അമ്മയ്ക്ക് നന്ദി പറഞ്ഞത്.

​”പ്രിയപ്പെട്ട അമ്മേ… പപ്പക്കൊപ്പം ചേരാനുള്ള മഹായാത്രയിലാണ് നിങ്ങള്‍. നമ്മുടെ രാജ്യത്തിനും കുടുംബത്തിനും താങ്കള്‍ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി”-എന്ന് പറഞ്ഞാണ് ചാള്‍സ് പ്രസംഗം തുടങ്ങിയത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ചാള്‍സ്.

”അത്യഗാധമായ ദുഃഖത്തോടുകൂടിയാണ് ഞാന്‍ നിങ്ങളോടു സംസാരിക്കുന്നത്. തന്റെ ജീവിതത്തിലുടനീളം, എന്റെ അമ്മ കുടുംബത്തില്‍ എല്ലാവര്‍ക്കും പ്രചോദനവും മാതൃകയുമായിരുന്നു. ഞങ്ങളെല്ലാം അവരോട് കടപ്പെട്ടിരിക്കുന്നു. സ്വന്തം കടമകള്‍ നിര്‍വഹിക്കാനായി അവര്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. എലിസബത്ത് രാജ്ഞിയുടെ അതേ പ്രതിജ്ഞയാണ് ഇന്ന് ഞാനും നിങ്ങള്‍ക്കുമുന്നില്‍ പുതുക്കുന്നത്. വളരെ നന്നായി ജീവിച്ചയാളാണ് എലിസബത്ത് രാജ്ഞി. അമ്മയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍. അമ്മയുടെ മരണം പലര്‍ക്കും വലിയ ദുഃഖത്തിനു കാരണമായിട്ടുണ്ട്. അതില്‍ ഞാനും പങ്കുചേരുന്നു​”-ചാള്‍സ് പറഞ്ഞു.

”പുതിയ ഉത്തരവാദിത്തങ്ങള്‍ വരുന്നതോടുകൂടി എന്റെ ജീവിതവും മാറും. എന്റെ കുടുംബത്തിനും ഇതൊരു മാറ്റത്തിന്റെ സമയമാണ്. ഭാര്യ കാമിലയുടെ സ്നേഹോഷ്മളമായ സഹായം ഈ സമയം സ്മരിക്കുന്നു. പുതിയ ഉത്തരവാദിത്തത്തിന്റെ കടമകള്‍ അവരും നിര്‍വഹിക്കുന്നതായിരിക്കും. എന്റെ മകന്‍ വില്യം ഇനി മുതല്‍ പ്രിന്‍സ് ഓഫ് വെയ്ല്‍സ് എന്ന് അറിയപ്പെടും-എലിസബത്ത് രാജ്ഞിയുടെ കാലത്ത് ചാള്‍സ് ആയിരുന്നു ഈ പദവി അലങ്കരിച്ചിരുന്നത്. വില്യമിനൊപ്പം കാതറിനും പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. മറ്റൊരു രാജ്യത്ത് ജീവിതം കരുപ്പിടിപ്പിക്കുന്ന ഹാരി രാജകുമാരനും മേഗനും എല്ലാവിധ സ്നേഹവും. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ചവരോടും വിഷമഘട്ടത്തില്‍ പിന്തുണച്ചവരോടും കുടുംബത്തിന്റെ പേരില്‍ നന്ദി അറിയിക്കുന്നു”-ചാള്‍സ് കൂട്ടിച്ചേര്‍ത്തു.

രാജ്ഞിയുടെ മരണശേഷം നടത്തിയ തന്റെ ആദ്യ പ്രസംഗത്തില്‍ , താന്‍ വഹിച്ചിരുന്ന പദവിയിലേക്ക് അഭിമാനത്തോടു കൂടിയാണ് വില്യമിനെ നിയമിക്കുന്നത് എന്നായിരുന്നു ചാള്‍സ് പറഞ്ഞത്. രാജകുമാരി കെയ്റ്റിനൊപ്പം വില്യം തന്റെ ചുമതല ഭംഗിയായി നിര്‍വ്വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചാള്‍സ് പറഞ്ഞു. 14-ാം നൂറ്റാണ്ട് മുതല്‍ തന്നെ പ്രിന്‍സ് ഓഫ് വെയില്‍സിന്റെ പത്നി വഹിക്കുന്ന പദവിയാണ് പ്രിന്‍സസ് ഓഫ് വെയില്‍സ്. സാങ്കേതികമായി ഇതുവരെ കാമില പ്രിന്‍സസ് ഓഫ് വെയില്‍സ് ആയിരുന്നെങ്കിലും അവര്‍ ചാള്‍സിന്റെ മറ്റൊരു പദവിയായ ഡ്യുക്ക് ഓഫ് കോണ്‍വെല്ലിന് തുല്യമായ സ്ത്രീലിംഗ പദമായ ഡച്ചസ് ഓഫ് കോണ്‍വെല്‍ എന്ന പദവിമത്രമായിരുന്നു ഔദ്യോഗികമായി ഉപയോഗിച്ചിരുന്നത്. ചാള്‍സിന്റെ മുന്‍ ഭാര്യ ഡയാന രാജകുമാരിയോടുള്ള ബഹുമാനാര്‍ത്ഥമായിരുന്നു അവര്‍ പ്രിന്‍സസ് ഓഫ് വെയില്‍സ് പദവി ഉപയോഗിക്കാഞ്ഞതെന്ന് പറയപ്പെടുന്നു.

മറ്റൊരു മാറ്റം, ഹാരിയുടെ മക്കള്‍ ഇനി മുതല്‍ ആര്‍ച്ചീ രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും ആകുമെന്നതാണ്. എന്നാല്‍ ഈ ടൈറ്റിലുകള്‍ ഉപയോഗിക്കണമോ എന്ന തീരുമാനം പൂര്‍ണ്ണമായും ഹാരിയുടെയും മേഗന്റെയും ആയിരിക്കും. തന്റെ ആദ്യ പ്രസംഗത്തില്‍ കുടുംബം വിട്ട് പോവുകയും പിന്നീട് പല വിധത്തില്‍ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത മകന്‍ ഹാരിയോടും മേഗനോടും ക്ഷമിക്കുന്നതായുള്ള സൂചന ചാള്‍സ് നല്‍കുന്നു.

രാജ്ഞിയുടെ മരണത്തോടെ ചാള്‍സ് ഇന്ന് രാജാവായി അധികാരമേല്‍ക്കും. ചരിത്രത്തില്‍ ആദ്യമായി സ്ഥാനാരോഹണം തല്‍സമയം സംപ്രേഷണം ചെയ്യും. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments