യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ദൂരക്കാഴ്ച കുറച്ച് പൊടിക്കാറ്റ് തുടരുന്നു. അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞതിനാല്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കടുത്ത പൊടിയും ചൂടും മൂലം കാല്‍നടയാത്ര ദുസ്സഹമായി.
സൗദി അറേബ്യയില്‍ ശക്തമായി പൊടിക്കാറ്റ് വീശി. തലസ്ഥാന നഗരമായ റിയാദില്‍ ചൊവ്വാഴ്ച വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് ആയിരത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,285 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖില്‍ ഉത്ഭവിച്ച കാറ്റ് റിയാദിലും സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലും വ്യാപിക്കുകയായിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ തയ്യാറെടുക്കണമെന്നുള്ള മുന്നറിയിപ്പ് ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു.
പൊടിക്കാറ്റിനെ തുടര്‍ന്ന്, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസ്സപ്പെട്ടു.
ചൊവ്വാഴ്ച സന്ധ്യയോടെ ദുബായിലെ പല മേഖലകളും ഇരുണ്ടുമൂടി. ശ്വാസം മുട്ടലും കണ്ണിനു നീറ്റലും അനുഭവപ്പെട്ടവര്‍ സമീപത്തെ കെട്ടിടങ്ങളില്‍ ഓടിക്കയറി. താമസസ്ഥലത്തെത്താന്‍ പലര്‍ക്കും ടാക്സി വിളിക്കേണ്ടിവന്നു. മെട്രോയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. വാഹനമോടിക്കുന്നവരും വലഞ്ഞു.