കാബൂള്‍: അഫ്ഗാനില്‍ താലിബാനുമായി ബ്രിട്ടീഷ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച സംഘം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കരുതെന്നും താലിബാനോട് ആവശ്യപ്പെട്ടു.
അഫ്ഗാനിലെ മാനുഷിക ദുരന്തം ലോകത്തിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാനും ഭീകരവാദം തടയാനും രാജ്യം വിടാനാഗ്രഹിക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനും സഹായിക്കാമെന്നും ബ്രിട്ടന്‍ ഉറപ്പുനല്‍കി. താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ചനടത്താന്‍ ആദ്യമായാണ് ബ്രിട്ടന്‍ അഫ്ഗാനിലേക്ക് പ്രതിനിധിസംഘത്തെ അയക്കുന്നത്.
അഫ്ഗാനിലെ ബ്രിട്ടന്‍െറ ഉന്നതതല പ്രതിനിധി സര്‍ സൈമണ്‍ ഗാസ്, ദോഹ പ്രതിനിധി മാര്‍ട്ടിന്‍ ലോങ്‌ദെന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അഫ്ഗാന്‍ വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖി, ഡെപ്യൂട്ടി പ്രധാനമന്ത്രിമാരായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ അഖുന്ദ്, മൗലവി അബ്ദുല്‍ സലാം ഹനഫി എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളാണ് വിശദമായി ചര്‍ച്ചയില്‍ വന്നതായി താലിബാന്‍ വക്താവ് അബ്ദുല്‍ ഖഹാര്‍ ബല്‍ഖി പറഞ്ഞു.
ഇത് പുതിയ ബന്ധത്തിന്‍െറ തുടക്കമാണെന്നും മറ്റു രാജ്യങ്ങളും ഇതേ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബല്‍ഖി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ നിലപാട് മാറ്റാതെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് ജി7 ഉച്ചകോടിയില്‍ വെച്ച് ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡോ. മലാലയെയും പ്രാദേശിക ടെലിവിഷന്‍ അവതാരകയെയും താലിബാന്‍ വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോന്‍സിന്‍റെ നേതൃത്വത്തില്‍ താലിബാനുമായി ചര്‍ച്ച നടത്തി. താലിബാന്‍ സര്‍ക്കാറിലെ സാംസ്കാരിക വകുപ്പ് മന്ത്രി ഖൈറുല്ലാ ഖൈര്‍ക്വയുമായാണ് യു.എന്‍ സംഘം ചര്‍ച്ച നടത്തിയത്.
അഫ്ഗാന്‍ ജനതയുടെ സുരക്ഷക്കും സ്ഥിരതയുള്ള അഫ്ഗാനു വേണ്ടിയും അന്താരാഷ്ട്ര സമൂഹവും താലിബാനും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ കണ്ടെത്തേണ്ട ആവശ്യകത ചര്‍ച്ചയില്‍ ഇരു വിഭാഗത്തിനും ബോധ്യപ്പെട്ടതായി യു.എന്‍ സംഘം അറിയിച്ചു. അഫ്ഗാന്‍ ജനതക്ക് സഹായം സാധ്യമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ചര്‍ച്ചയില്‍ താലിബാന് ബോധ്യപ്പെട്ടതായും യു.എന്‍ സംഘം അറിയിച്ചു.