അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് (59) വീടിനുമുന്നില്‍ വെടിയേറ്റുമരിച്ചു. അയല്‍ക്കാരനുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്ത സിഗ്‌ഫ്രെഡോ അല്‍വാരസ് സെജ (56) സാന്‍ അന്റോണിയോ പൊലീസിന്റെ കസ്റ്റഡിയിലാണ്. ‘രണ്ടുപുരുഷന്മാര്‍ പരസ്പരം സ്‌നേഹിക്കുന്നത് കാണുന്നത് സഹിക്കാന്‍ കഴിയാത്ത ഒരാള്‍ ജോനാഥന്‍ ജോസിനെ കൊലപ്പെടുത്തി’, എന്ന് അദ്ദേഹത്തിന്റെ പങ്കാളി ട്രിസ്റ്റന്‍ കേണ്‍ ഡി ഗോണ്‍സാലസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏഴുമണിയോടെയാണ് ആക്രമണമുണ്ടായത്. ഒന്നിലേറെ തവണ വെടിയേറ്റ ജോനാഥന്‍ ജോസ് വീടിന് സമീപത്തെ റോഡില്‍ വീണുകിടക്കുന്നതായാണ് സംഭവസ്ഥലത്തെത്തിയ പൊലീസ് കണ്ടത്.
പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിന് പിന്നാലെ വാഹനത്തില്‍ കടന്നുകളഞ്ഞ അക്രമിയെ പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഒരു തീപ്പിടിത്തത്തില്‍ ജോനാഥന്‍ ജോസിന്റെ വീടും രണ്ട് വളര്‍ത്തുപട്ടികളേയും നഷ്ടമായിരുന്നു. വീട് അയല്‍വാസികള്‍ തീവെച്ചതാണെന്നാണ് ട്രിസ്റ്റന്‍ കേണ്‍ ഡി ഗോണ്‍സാലസ് ആരോപിക്കുന്നത്.
‘ഇവിടെ എത്തിയപ്പോള്‍ തീപ്പിടിത്തത്തില്‍ നഷ്ടമായ വളര്‍ത്തുനായകളില്‍ ഒന്നിന്റെ തലയോട്ടി ലഭിച്ചു. രണ്ടുപേര്‍ക്കും ദുഃഖം താങ്ങാന്‍ സാധിച്ചില്ല. ഞങ്ങള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ അയല്‍വാസി സ്ഥലത്തേക്ക് എത്തി. അയാള്‍ ഞങ്ങള്‍ക്കുനേരേ അധിക്ഷേപം നടത്താന്‍ തുടങ്ങി. പിന്നാലെ അയാള്‍ മടിക്കുത്തില്‍നിന്ന് തോക്കെടുത്ത് വെടിയുതിര്‍ത്തു. ഞാനും ജോനാഥനും നിരായുധരായിരുന്നു. ഞങ്ങള്‍ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ല. അയാള്‍ വെടിയുതിര്‍ത്തപ്പോള്‍ ജോനാഥന്‍ എന്നെ ഒരുവശത്തേക്ക് തള്ളിമാറ്റി എന്റെ ജീവന്‍ രക്ഷിച്ചു’, ട്രിസ്റ്റന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘കിങ് ഓഫ് ദി ഹില്‍’ എന്ന ടെലിവിഷന്‍ സീരീസില്‍ ജോണ്‍ റെഡ്‌കോണ്‍ എന്ന കഥാപാത്രത്തിന് രണ്ടുമുതല്‍ 13 വരെ സീസണുകള്‍ക്ക് ശബ്ദം നല്‍കിയത് ജോനാഥന്‍ ആണ്. 1993 മുതല്‍ അഭിനയത്തില്‍ സജീവമായ ജോനാഥന്‍ നിരവധി സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
American actor and musician Jonathan Jose Gonzalez shot dead