ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ വിജയം നേടി ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ. എഎപി-കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് സിങ്ങിനെയാണ് സോങ്കർ പരാജയപ്പെടുത്തിയത്. മനോജ് സോങ്കറിന് 16 വോട്ടുകൾ ലഭിച്ചപ്പോൾ കുൽദീപ് സിംഗിന് 12 വോട്ടുകൾ ലഭിച്ചു. എട്ട് വോട്ടുകൾ അസാധു ആകുകയും ചെയ്തു. കോണ്‍ഗ്രസും എ.എ.പിയും കൈകോര്‍ത്ത് സഖ്യമായി മത്സരിച്ചിട്ടും മേയര്‍ സ്ഥാനം കൈവിട്ടത് ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയായി.
അതേസമയം, ബിജെപിയുടെ വിജയം ഉറപ്പാക്കാൻ എട്ട് വോട്ടുകൾ മനഃപൂർവം അസാധുവാക്കിയതാണ് എന്നാരോപിച്ച് പ്രിസൈഡിംഗ് ഓഫീസർക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ശിരോമണി അകാലിദൾ കൗൺസിലറെ കൂടാതെ 20 അംഗങ്ങളാണ് എഎപി-കോൺഗ്രസ് സഖ്യത്തിന് സഭയിൽ ഉള്ളത്. ബിജെപിക്ക് 15 അംഗങ്ങളും ഉണ്ട്.
തിരഞ്ഞെടുപ്പു ഫലം പ്രതിപക്ഷ സഖ്യമായ ഇന്ത്യാ അംഗങ്ങളെ അസ്വസ്ഥരാക്കിയെന്നും ഇവർ സഭയിൽ മുദ്രാവാക്യം വിളിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ്, എഎപി കൗൺസിലർമാരുടെ പ്രതിഷേധങ്ങൾക്കിടിയിൽ ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ മേയർ സീറ്റിൽ ഇരിപ്പ് ഉറപ്പിക്കുകയും ചെയ്തു.
അതിനിടെ, എട്ട് വോട്ടുകൾ ബോധപൂർവം അസാധുവാക്കിയതാണെന്ന് ആരോപിച്ച് കുൽദീപ് കുമാറും രംഗത്തെത്തി. ‘‘ഭരണകക്ഷിയായ ബിജെപിയിൽ നിന്നും പ്രതിപക്ഷ ഗ്രൂപ്പിൽ നിന്നുമുള്ള (എഎപി-കോൺഗ്രസ്) പ്രതിനിധികളെ വോട്ടെണ്ണലിന് സാക്ഷ്യം വഹിക്കാനും ബാലറ്റ് പേപ്പറുകൾ പരിശോധിക്കാനും പ്രിസൈഡിംഗ് ഓഫീസർ വിളിച്ചില്ല എന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ ഞങ്ങൾ കോടതിയെ സമീപിക്കും’’, കുൽദീപ് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.