കൊച്ചി: തൃപ്പൂണിത്തുറയില്‍ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 16 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാലു പേരെ കളമശേരി മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
സമീപത്തെ 25 വീടുകള്‍ക്കു കേടുപാടുകള്‍ പറ്റി. രണ്ടു കിലോമീറ്റര്‍ അകലേക്കു വരെ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികള്‍ പറയുന്നു. ഒരു വാഹനം കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ വൈക്കം റോഡില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലാണ് ഇത്. വലിയ സ്‌ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സമീപവാസികള്‍ പറയുന്നു. വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകര്‍ന്നെന്ന് വീട്ടുകാര്‍ പറയുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നിടത്താണ് അപകടം. വാഹനത്തില്‍നിന്നു പടക്കങ്ങള്‍ ഇറക്കുന്നതിനിടെയാണ് അപകടം.
ആറു തവണ സ്‌ഫോടനം ഉണ്ടായതായാണ് വിവരം. ഫയല്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് പടക്കപ്പുരയില്‍ ഉണ്ടായ പൊട്ടിത്തെറി എന്നു മനസ്സിലാകുന്നത്. പന്ത്രണ്ട് വീടുകള്‍ സ്‌ഫോടനം നടന്നതിന്റെ സമീപത്തുണ്ട്.