ലണ്ടൻ: കാൻസർ ബാധിതനായ മലയാളി യുവാവ് യുകെയിൽ അന്തരിച്ചു. കൊല്ലം കരിക്കോട് സ്വദേശിയും ലിവർപൂളിന് സമീപമുള്ള ചെസ്റ്ററിൽ കുടുംബമായി താമസിച്ചിരുന്ന സച്ചിൻ സാബു (30) ആണ് വിടപറഞ്ഞത്. ചെസ്റ്ററിന് സമീപം ഫ്ളിന്‍റ്ഷെയറിൽ ജെഎൻജെ ഹെൽത്ത് ലിമിറ്റഡിന്‍റെ ഹെൽത്ത് കെയർ അസിസ്റ്റന്‍റായി ജോലി ചെയ്തു വരുന്നതിനിടെ മൂന്ന് മാസം മുൻപാണ് രോഗം തിരിച്ചറിഞ്ഞത്. ചെസ്റ്റർ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി 8.50 നാണ് സച്ചിൻ മരണമടഞ്ഞത്.
ഭാര്യ: ശരണ്യ ബാബു. മകൻ: റയാൻ മാധവ് സച്ചിൻ (5 മാസം). കൊല്ലം കരിക്കോട് പുത്തൻപുരയിൽ എ. അനുരാധ, പരേതനായ ബി. സാബു എന്നിവരാണ് മാതാപിതാക്കൾ. വിദ്യാർഥിനിയായ എസ്. അമ്പാടി ഏക സഹോദരിയാണ്. കൊല്ലം ഉമയനല്ലൂർ സ്വദേശിനിയായ ശരണ്യയും ഭർത്താവ് സച്ചിനും രണ്ടരവർഷം മുൻപാണ് യുകെയിലെത്തിയത്. ഇരുവരുടെയും അമ്മമാർ യുകെയിൽ എത്തിയിട്ടുണ്ട്. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.
യുകെയിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം പൊതുദർശനം, സംസ്കാര ശുശ്രൂഷകൾ എന്നിവ സംബന്ധിച്ചുള്ള തീയതികൾ തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചു. സച്ചിന്‍റെ കുടുംബത്തിന് ആശ്വാസമായി ചെസ്റ്ററിലെയും ഫ്ളിന്റ്ഷെയറിലെയും മലയാളി സമൂഹം ഒപ്പമുണ്ട്. എങ്കിലും സച്ചിന്‍റെ അകാല വേർപാടിൽ കുടുംബത്തെ എങ്ങനെ അശ്വസിപ്പിക്കുമെന്ന് അറിയാതെ വിതുമ്പുകയാണ് മലയാളി സമൂഹം.
- ബിജു കുളങ്ങര