Friday, November 22, 2024

HomeAmericaഇന്നീ വാലന്റൈന്‍സ് ദിനത്തില്‍ പോകാം നമുക്ക് ആ പ്രണയസരോവര തീരത്തേയ്ക്ക്…

ഇന്നീ വാലന്റൈന്‍സ് ദിനത്തില്‍ പോകാം നമുക്ക് ആ പ്രണയസരോവര തീരത്തേയ്ക്ക്…

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ഫെബ്രുവരിയെന്ന ഈ അനുരാഗ മാസത്തിലെ പതിനാലാം തീയതി ആഗോള പ്രേമസുരഭില ദിവസമാണ്. ഈ ദിനം പ്രണയ സാഫല്യത്തിനു വേണ്ടി നിലകൊണ്ട് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ വാലന്റൈനിന്റെ റൊമാന്റിക് സ്മരണകള്‍, ഒരു റെഡ് റെഡ് റോസായി ഇതള്‍ വിരിയുന്ന ഉത്സവാഘോഷ ദിവസം. പരസ്പരം സ്‌നേഹിക്കുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ കൈമാറാം…ഇണയെ ഇഷ്ടമറിയിക്കാം…പിന്നെ കൊതിതീരെ…പ്രണയിക്കാം…മതിയാവേളം…മനസിനക്കരയോളം…ചുംബിക്കാം ആലിംഗന ബദ്ധരാവാം…മാംസനിബദ്ധമല്ലാത്ത വികാര തീരങ്ങളില്‍ നമുക്ക് രാപ്പരലുകളോടുത്തുറങ്ങാം…ഉണരാം…ഈ ദിനം കടന്നുപോയാലും ഇനിയും വരും അടുത്ത കൊല്ലം. മനസില്‍ ഒരു റോസാപ്പൂവെടുത്ത് പ്രണയ സരോവര തീരത്തേയ്ക്ക് പോകാം…

എന്റെ സ്‌നേഹിനിയോട് ചോദിച്ചു…”ഒരു പ്രണയപ്പൂ തരുമോ…” എന്ന്.
”ഇഷ്ട പ്രാണേശ്വരന് തരുവാന്‍ എന്റെ പക്കല്‍ പൂവുകളില്ല, തുടിക്കുന്ന ഹൃദയമുണ്ട്…” അവള്‍ പറഞ്ഞു.

നിര്‍മല സ്‌നേഹത്തിനും പരിപക്വമായ പ്രണയത്തിനും ലോകഗതിയെത്തന്നെ മാറ്റിമറിക്കാനാവുമോയെന്ന് ഒരുപക്ഷേ, നാം ചിന്തിച്ചിട്ടുണ്ടാവില്ല. ചിന്തിച്ചാലും ഇല്ലെങ്കിലും ഇത് യാഥാര്‍ഥ്യമാണ്. ലോകത്തിലെ അഞ്ച് പ്രശസ്ത ദമ്പതികള്‍…അല്ല, പ്രേമ ഇണകള്‍ ഈ തരളിത മോഹത്തിന്റെ ആഗ്രഹ വക്താക്കളാണ്. നന്മയ്ക്കുവേണ്ടിയോ തിന്മയ്ക്കുവേണ്ടിയോ…കലാപത്തിലൂടെയോ ശാസ്ത്രപഥത്തിലോ…നിയമ വെളിച്ചത്തിലോ മതസരണിയിലോ…ചരിത്രം നമുക്കു തന്ന ചരിത്രാതീത പ്രണയ മാനസങ്ങളുണ്ടിവിടെ. അവര്‍ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു കളഞ്ഞു. തല്‍ക്കാലം അവരുടെ പേരുകള്‍ മാത്രം പരാമര്‍ശിക്കുകയാണ്. വശ്യസൗന്ദര്യംകൊണ്ട് ഈ ജിപ്റ്റിനെ മാറ്റിമറിച്ച ക്ലിയോപാട്രയും അവരുടെ രാഷ്ട്രീയ-പ്രേമ സഹസഞ്ചാരിയുമായിരുന്ന റോമന്‍ ജനറല്‍ മാര്‍ക്ക് ആന്റണിയും.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇംഗ്ലണ്ടിനെ പ്രൊട്ടസ്റ്റന്റ് ദേശമാക്കി പരിവര്‍ത്തനം ചെയ്ത ഹെന്‍ട്രി എട്ടാമനും ശേഷിയും ശേമുഷിയുമുള്ള ആനി ബൗലിനും. ശാസ്ത്രജ്ഞരായി ലോകത്തെ ഞെട്ടിച്ച് മരിച്ച പിയറിയും മേരി ക്യൂറിയും. റഷ്യന്‍ ചരിത്രത്തില്‍ രക്തവര്‍ണത്തിന്റെ അധ്യായമെഴുതിയ സാര്‍ നിക്കോളാസ് രണ്ടാമനും അലക്‌സാണ്ട്ര ഫെഡറോവനയും. അമേരിക്കന്‍-ആഫ്രിക്കന്‍ പ്രണയ സാക്ഷാത്കാരത്തിന്റെ എക്കാവും ഓര്‍മ്മിക്കപ്പെടുന്ന മാതൃകകളായ മില്‍ഡേര്‍ഡ് ജെറ്ററും റിച്ചാര്‍ഡ് ലവിഗും… ഇരുവരുടെ ജീവിതഗാഥകള്‍ പഠനാര്‍ഹമാണ്. അവ പരിശോധിക്കാന്‍ ഈ വാലന്റൈന്‍സ് ഡേ പ്രചോദനമാകട്ടെ…

ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെ ദിവസമാണ്. ഒരു പരിധിവരെ മനുഷ്യരെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നത് സിനിമകളാണ്. ചിലരുടെ അഭിനയം നമ്മളിലും പ്രണയത്തിന്റെ കുളിരെത്തിക്കും. അതിനെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി എന്നൊക്കെ ചിലര്‍ പറയും. ഈ വാലന്റൈന്‍സ് ഡേയില്‍ ആദ്യം മലയാള സിനിമയിലെ ചില പ്രണയജോഡികളെ ഒന്നോര്‍ക്കാം…

പ്രേം നസീര്‍-ഷീല…ഈ പേരുകള്‍ കഴിഞ്ഞിട്ടേ മലയാളത്തിലെ മറ്റ് പ്രണയ ജോഡികളുള്ളൂ. നൂറ് സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് റെക്കോര്‍ഡ് കുറിച്ച് പ്രേം നസീറും ഷീലയും ഗിന്നസില്‍ വരെ കയറി. സത്യന്‍-ശാരദ….ശാരദയ്ക്ക് സ്‌ക്രീനില്‍ ഏറ്റവും ചേരുന്ന നടനാരാണെന്ന് ചോദിച്ചാല്‍ സംശയിക്കാതെ പറയാം, സത്യന്‍. പക്വമായ ഒരുഭിനയ ശൈലി എപ്പോഴും ഇരുവരിലും കണ്ടിട്ടുണ്ട്. മധു-ശ്രീവിദ്യ…സിനിമ ഇന്റസ്ട്രിയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മധുവെന്ന് ശ്രീവിദ്യ എന്നും പറയുമായിരുന്നു. 60 സിനിമകളില്‍ ഇരുവരും ജോഡികളായി അഭിനയിച്ചു.

ജയന്‍-സീമ…മലയാളത്തിലെ മറ്റൊരു സ്‌ക്രീന്‍ പ്രണയ ജോഡികള്‍. യഥാര്‍ത്ഥ ജീവിതത്തില്‍ ജയന്‍ തനിക്ക് സഹോദരനെ പോലെയാണെന്നും തനിക്ക് എന്നും ആത്മവിശ്വാസം തന്നിട്ടുള്ള നടനാണെന്നും സീമ പറയും. മമ്മൂട്ടി-സുഹാസിനി…പെര്‍ഫക്ട് ഓണ്‍സ്‌ക്രീന്‍ കപ്പ്ള്‍. എട്ട് സിനിമകളില്‍ മാത്രമാണ് സുഹാസിനിയും മമ്മൂട്ടിയും ജോഡികളായി അഭിനയിച്ചിട്ടുള്ളത്. അത് തന്നെ ധാരാളം. മോഹന്‍ലാല്‍-ശോഭന…ശോഭനയും മോഹന്‍ലാലും തമ്മിലുള്ള വെള്ളിത്തിര വിസ്മയം കണ്ട് തന്നെ അനുഭവിക്കണം. അഭിനയമായിരിക്കില്ല, അതൊരു അനുഭവമാവും.

ജയറാം-ഉര്‍വശി…ഈ ജോഡികള്‍ക്ക് ആരാധകരേറെയാണ്. പ്രത്യേകിച്ച് ഇവര്‍ക്കിടിലെ കോമഡി രംഗങ്ങള്‍ക്ക്. ‘കടിഞ്ഞൂല്‍ കല്യാണം’ എന്ന സിനിമ മാത്രംമതി ഈ താരജോഡികളുടെ ഐക്യം എന്താണെന്നറിയാന്‍. കുഞ്ചാക്കോബോബന്‍-ശാലിനി …തിരയില്‍ ഇഷ്ടപ്പെട്ട മറ്റൊരു നക്ഷത്ര വിന്യാസം. കാവ്യാ-ദിലീപ് ഇത് വിവാദ താരജോഡികളാണ്. 25 ല്‍ അധികം സിനിമകളില്‍ കാവ്യയും ദിലീപും താര ജോഡികളായെത്തി. നസ്‌റിയ-നിവിന്‍ പോളി…’യുവ്’ എന്ന മ്യൂസിക്കല്‍ ആല്‍ബം മുതല്‍ തുടങ്ങിയതാണ് ആ ബന്ധം. നേരം, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലൂടെ തന്നെ നിവിനും നസ്‌റിയയും കാലത്തിന്റെ മികച്ച ജോഡികളായി. പിന്നെ സിനിമയിലും ജീവിതത്തിലും ഫഹദ് ഫാസിലിന്റെ സഖിയായി…ആ പട്ടിക നീളുന്നു…
$
വാലന്റൈന്‍സ് ഡേയുടെ ‘പ്രണയകാല കലാപ’ ചരിത്രമാരംഭിക്കുന്നത് മൂന്നാം നൂറ്റാണ്ടിലാണ്. ക്രൂരനായ, ക്രൂദ്ധനായ റോമന്‍ ചക്രവര്‍ത്തി ക്ലോഡിയസ് രണ്ടാമനും കത്തോലിക്ക ബിഷപ്പ് വാലന്റൈനും തമ്മിലുള്ള സമര സംഘര്‍ഷങ്ങളുടെ കരളലിയിപ്പിക്കുന്ന ഗതകാല ശോണചരിത്രമാണത്.

ക്ലോഡിയസ് റോമില്‍ വിവാഹം നിരോധിച്ച കാലം. വിവാഹം കഴിച്ചാല്‍ പുരുഷന്‍മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളുവെന്നും യുദ്ധത്തില്‍ നിന്നവര്‍ പിന്നോട്ടു പോകുമെന്നും ചിന്തിച്ചുകൊണ്ടായിരുന്നു ഈ ഏകപക്ഷീയമായ നിരോധനം. എന്നാല്‍ ബിഷപ്പ് വാലന്റൈന്‍, പരസ്പരം സ്‌നേഹിക്കുന്നവരുടെ ഹൃദയവികാരവും ഒരുമപ്പെട്ട് കുടുംബം പുലര്‍ത്തുവാനുള്ള അദമ്യമായ ആഗ്രഹവും മനസിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. ഇതറിഞ്ഞ ക്ലോഡിയസ് വാലന്റൈനെ തിരഞ്ഞു പിടിച്ച് ജയിലിലടച്ചു.

ബിഷപ്പ് വാലന്റൈന്‍ പണ്ഡിതനായിരുന്നു. ഇക്കാര്യമറിഞ്ഞ ജയിലര്‍ തന്റെ മകള്‍ ജൂലിയയെ പഠിപ്പിക്കാമോ എന്ന് വാലന്റൈനോട് ചോദിച്ചു. അദ്ദേഹം സമ്മതം മൂളി. ജൂലിയ ജന്മനാ അന്ധയായിരുന്നു. സുന്ദരിയായ ജൂലിയയ്ക്ക് വാലന്റൈന്‍ റോമാ ചരിത്രം പഠിപ്പിച്ചു. പ്രപഞ്ചത്തെയും പ്രകൃതിയെക്കുറിച്ചും അറിവ് പകര്‍ന്നുകൊടുത്തു. ഗണിതശാസ്ത്രത്തിന്റെ സംശയങ്ങള്‍ ദൂരീകരിച്ചു. പിന്നെ ദൈവത്തെപ്പറ്റിയും വാലന്റൈന്‍ വിലപ്പെട്ട പാഠങ്ങള്‍ ജൂലിയയ്ക്ക് പറഞ്ഞുകൊടുത്തു. അങ്ങനെ വാലന്റൈന്റെ വാക്കുകളിലൂടെ ജൂലിയ ലോകം കണ്ടു. അദ്ദേഹത്തിന്റെ ജ്ഞാനത്തില്‍ അവള്‍ വിശ്വസിച്ചു. വാലന്റൈന്റെ സാമീപ്യത്തില്‍ ജൂലിയ സന്തോഷവതിയും കരുത്തുറ്റവളുമായി.

”അങ്ങയുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാറുണ്ടോ…?”- ഒരിക്കല്‍ ജൂലിയ വാലന്റൈനോട് ചോദിച്ചു.

വാലന്റൈന്‍: ”തീര്‍ച്ചയായും. എന്റെ മാത്രമല്ല എല്ലാവരുടെയും പ്രാര്‍ത്ഥന ദൈവം കേള്‍ക്കും…”

ജൂലിയ: ”അങ്ങേയ്ക്കറിയാമോ ഞാന്‍ രാവിലെയും രാത്രിയിലും എന്താണ് പ്രാര്‍ത്ഥിക്കുന്നതെന്ന്…? എനിക്ക് കാഴ്ചശക്തി തരണേ എന്ന് ഞാന്‍ ദൈവത്തോടപേക്ഷിക്കുന്നു. അങ്ങ് എനിക്ക് പറഞ്ഞു തന്ന കാര്യങ്ങള്‍ നേരില്‍ കാണുവാന്‍ ഞാന്‍ അകമഴിഞ്ഞ് ആഗ്രഹിക്കുന്നു.”

വാലന്റൈന്‍: ”നാമാഗ്രഹിക്കുന്ന നല്ല കാര്യങ്ങള്‍ ദൈവം സാധിച്ചു തരും. പക്ഷേ നമ്മള്‍ ഉത്തമവിശ്വാസികളായിരിക്കണം.”

ജൂലിയ: ”ഓ… പ്രിയ വാലന്റൈന്‍, ഞാന്‍ വിശ്വസിക്കും… വിശ്വസിക്കും…”

അപ്പോള്‍ മുട്ടുകുത്തി നിന്ന് ജൂലിയ വാലന്റൈന്റെ കരം ഗ്രഹിച്ചു. അവര്‍ ഇരുവരും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പെട്ടെന്ന് ജയിലറ ദിവ്യമായ പ്രകാശത്താല്‍ തിളങ്ങി. സന്തോഷവും പ്രത്യാശയും സ്‌നേഹവും മൂലം പ്രസന്നമായ മുഖത്തോടെ ജൂലിയ നിലവിളിച്ചുകൊണ്ട് പറഞ്ഞു ”എനിക്ക് എല്ലാം കാണാം…എല്ലാം കാണാം…”

വാലന്റൈന്‍: ”ദൈവത്തെ സ്തുതിക്കുക…”

വാലന്റൈന്റെ സ്‌നേഹവും വിശ്വാസവും മൂലമാണ് ജൂലിയയ്ക്ക് കാഴ്ചശക്തി ലഭിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലായി. ഇതറിഞ്ഞ ക്ലോഡിയസ് വാലന്റൈന്റെ തല വെട്ടാന്‍ കല്‍പ്പന പുറപ്പെടുവിച്ചു. തന്റെ ശിക്ഷ നടപ്പാക്കുന്നതിന്റെ തലേ ദിവസത്തെ സായാഹ്നത്തില്‍ വാലന്റൈന്‍ ജൂലിയയ്ക്ക് ഇങ്ങനെ എഴുതി…

”എന്നും ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുക. നിന്റെ സ്വന്തം വാലന്റൈന്‍”.

പിറ്റെ ദിവസം വെളുപ്പിന് അതായത് എ.ഡി. 270, ഫെബ്രുവരി 14ന് വാലന്റൈനെ തലയറുത്തു കൊന്നു. ഒരു ഗേറ്റിന് സമീപത്തു വച്ചായിരുന്നു പ്രാകൃതമായ ആ ശിക്ഷ നടപ്പാക്കിയത്. വാലന്റൈന്റെ സ്മരണയ്ക്കായി പിന്നീട് ഈ ഗേറ്റിന് ‘പോര്‍ട്ട വാലെന്റിനി’ എന്ന് പേരിട്ടു. റോമിലെ ഇന്നത്തെ ‘ചര്‍ച്ച് ഓഫ് പ്രാക്‌സെഡസി’ലാണ് വാലന്റൈന്റെ ഭൗതിക ശരീരമടക്കിയത്. പിങ്ക് വര്‍ണ പുഷ്പം വിരിയുന്ന ഒരു ബദാം ചെടി ജൂലിയ ഈ പ്രണയ ശവകുടീരത്തിനരികെ നട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ന് ബദാം വൃക്ഷം സ്ഥായിയായ സ്‌നേഹത്തിന്റെയും അനശ്വരമായ സൗഹൃദത്തിന്റെയും പ്രതീകമായി നില കൊള്ളുന്നു.

പ്രേമിച്ചു ചതിച്ചും പീഡിപ്പിച്ചു കൊന്നും വെച്ചു വാണിഭം നടത്തിയും കൊക്കൈന്‍ ലഹരിയില്‍ അഴിഞ്ഞാടുന്ന വര്‍ത്തമാനകാല കാമ ഭീകരതയ്ക്കു താക്കീതായി…മാംസ നിബദ്ധമല്ലാത്ത മറ്റൊരു പ്ലേറ്റോണിക് പ്രേമത്തിന്റെ തുടക്കത്തിനായി…ഈ വാലന്റൈന്‍ ദിനത്തിന്റെ രാപ്പകലുകളില്‍ എല്ലാ പ്രണയങ്ങളും പുഷ്‌കലമാകട്ടെ…ആനന്ദമുകുളങ്ങള്‍ വിടരട്ടെ…

”ഹാപ്പി വാന്റൈന്‍സ് ഡേ…”

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments