എ.എസ്
തൃശ്ശൂര്‍: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി’യുടെ ഹെഡ് ഓഫീസ് സീല്‍ ചെയ്തു. തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസാണ് സീല്‍ചെയ്തത്. ബഡ്സ് ആക്ട് പ്രകാരമാണ് നടപടി. സാമ്പത്തിക തട്ടിപ്പില്‍ ഹൈറിച്ചിനെതിരേ ഇ.ഡി.യുടെ അന്വേഷണവും തുടരുകയാണ്.
അതിനിടെ, ബഡ്‌സ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈറിച്ച് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉടമകളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ നല്‍കിയിരിക്കുന്ന ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് പരിഗണിക്കും.
1630 കോടി രൂപയുടെ ഹൈ റിച്ച് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതികളായ ദമ്പതികള്‍ ഇ.ഡിക്ക് (എന്‍ഫോഴ്‌മെന്റ്ഡയറക്ടറേറ്റ്) മുന്നില്‍ കീഴടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വലിയാലുക്കല്‍ കോലാട്ട് കെ.ഡി പ്രതാപനാണ് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ആദ്യം എത്തുന്നത്. പിന്നാലെ ഒരു മണിയോടെ ഭാര്യയും കമ്പനിയുടെ സി.ഇ.ഒയുമായ കാട്ടൂക്കാരന്‍ ശ്രീനയും ഇ.ഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.
തൃശൂരിലെ വീട്ടില്‍ ജനുവരി 23-ന് ഇ.ഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞത് മുതല്‍ ഇവര്‍ ഒളിവിലായിരുന്നു. ഇ.ഡി പിടികൂടാനെത്തും മുന്‍പേ തൃശൂര്‍ റൂറല്‍ പൊലീസ് തന്നെ ദമ്പതികള്‍ക്ക് രക്ഷപ്പെടാന്‍ വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ ഇ.ഡി ഓഫീസില്‍ ഹാജരാകാമെന്ന് ഇവര്‍ സ്വയം അറിയിക്കുകയായിരുന്നു.
മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തി മൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ഇടപാടുകാരുടെ എണ്ണംം പെരുപ്പിച്ച്കാട്ടാന്‍ ഒരാളുടെ പേരില്‍ത്തന്നെ അമ്പതോളം ഐ.ഡികള്‍ ഇവര്‍ ഉണ്ടാക്കിയെന്നാണ് വിവരം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇവര്‍ തുടങ്ങുന്നത്. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു ദമ്പതികള്‍ നല്‍കിയിരുന്ന വാഗ്ദാനം.
എച്ച്.ആര്‍ ക്രിപ്‌റ്റോ കൊയിന്‍ ഇറക്കിയും ഇവര്‍ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്‌റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു ഇതിനും നല്‍കിയ വാഗ്ദാനം. ഏറ്റവും ഒടുവില്‍ ആണ് ഒടിടിയിലേക്ക് ചുവടു വെക്കുന്നത്. ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു ദമ്പതികള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.
ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈ റിച്ച് ഷോപ്പി. പലചരക്ക് ഉല്‍പ്പങ്ങളുടെ വില്‍പ്പനയ്ക്കായി ഹൈ റിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയാലാണ് ഇവര്‍ ഇടപാടുകാരെ വലയിലാക്കിയത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ബ്രാഞ്ചുകളും ഉണ്ട്. പ്രതാപനും ശ്രിനയ്ക്കും 90 വിദേശ രാജ്യങ്ങളില്‍ ക്രിപ്റ്റോ കറന്‍സി ബിസിനസുണ്ട്. വിദേശനാണ്യ ചട്ടം (ഫെമ) ലംഘനം നടത്തിയ ഇവര്‍ കള്ളപ്പണം വെളിപ്പിച്ചിട്ടുമുണ്ട്.
വെറും എണ്ണൂറ് രൂപയില്‍ ബിസിനസ് ആരംഭിക്കാമെന്ന വാഗ്ദാനം ചെയ്താണ് കമ്പനി നിക്ഷേപകരെ ആകര്‍ഷിച്ച് വന്നിരുന്നത്. മുടക്കുന്ന എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍ നല്‍കാനായിരുന്നു പതിവ്. സ്‌കീമില്‍ ചേരുന്നവര്‍ക്ക് രണ്ടുപേരെ ചേര്‍ക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച് വരുമാനവും ഇവര്‍ക്ക് വന്നുകൊണ്ടിരിക്കും. ഇതിനൊപ്പം ഹൈ റിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ചങ്ങലയില്‍ താഴെയുള്ളവര്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മുകളിലുള്ളയാള്‍ക്ക് കമ്മിഷന്‍ ലഭിക്കുമെന്നാണ് ഇവര്‍ ഓഫര്‍ ചെയ്തിരുന്നത്.
റോയല്‍റ്റി ക്യാഷ് റിവാര്‍ഡ്, ടൂര്‍ പാക്കേജ്, ബൈക്ക്, കാര്‍ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകള്‍ നല്‍കിയാണ് കമ്പനി ആളുകളെ ആകര്‍ഷിച്ചിരുന്നത്. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന് ഒ.ടി.ടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറന്‍സി ഇടപാടിനായി എച്ച്.ആര്‍.സി ക്രിപ്റ്റോ, പൊള്ളാച്ചിയില്‍ അനശ്വര ട്രേഡേഴ്സ്, നിധി ലിമിറ്റഡ്, തൃശൂര്‍ കോടാലിയില്‍ ഫാം സിറ്റി എന്നീ സ്ഥാപനങ്ങള്‍ ഈ തട്ടിപ്പുകാര്‍ക്കുണ്ട്.
ആക്ഷന്‍ ഒ.ടി.ടി എന്ന പ്ലാറ്റ്‌ഫോം വിലക്കെടുത്താണ് ഹൈറിച്ച് ഒ.ടി.ടി എന്ന പേരില്‍ കമ്പനി ഒ.ടി.ടി പ്ലാറ്റ് ഫോം ആരംഭിക്കുന്നത്. നിരവധി ചിത്രങ്ങള്‍ ഇതിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. പുതിയ സിനിമകളുടെ നിര്‍മാണവും കമ്പനി പ്രഖ്യാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികള്‍ ഇതിനിടെ പടര്‍ന്നു പന്തലിച്ചു. തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ മരവിപ്പിക്കുകയുണ്ടായി.