ഡോ. കലാ ഷഹി, ( ജനറല്‍ സെക്രട്ടറി, ഫൊക്കാന)
വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളികൂട്ടായ്മയുടെ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വെന്‍ഷന്‍ എന്ന് പ്രതീക്ഷനല്‍കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. മലയാളികളുടെ അഭിമാനമായ വിശ്വപൗരന്മാരും നേതാക്കള്‍ക്കും വ്യവസായികള്‍ക്കും കലാകാരന്മാര്‍ക്കും ഒരുപോലെ സമ്മേളിക്കാനാകുന്ന വേദിയാകും ഇത്തവണ വാഷിങ്ങ്ടണില്‍ ഒരുങ്ങുകയെന്നു ഫൊക്കാനയുടെ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍ വെളിപ്പെടുത്തി. ഏറ്റവും ഒടുവിലായി പുറത്തുവരുന്നത് മനോരമയിലെ ‘ഉടന്‍ പണം’ എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കല്ലു (രാജ് കലേഷ്)-മാത്തുക്കുട്ടി സംഘം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്തയാണ്.
ലോകം മുഴുവനുമുള്ള നിരവധി വേദികളില്‍ രസച്ചരട് പൊട്ടാതെ പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്ന കല്ലു-മാത്തുക്കുട്ടിമാരുടെ മാന്ത്രികമിശ്രിതം ഇത്തവണ കണ്‍വെന്‍ഷന്‍ വേദിയെയും രസിപ്പിക്കും. നേരമ്പോക്കിന് സമവാക്യങ്ങളില്ലെങ്കിലും ഈ കൂട്ടുകെട്ടില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഥികചേരുവ ഒളിഞ്ഞു കിടപ്പുണ്ട്. മാജിക്കും ഡാന്‍സും പാചകവുമായി മലയാളിയെ രസിപ്പിച്ച കലേഷും റേഡിയോ ജോക്കിയായിരുന്ന മാത്തുക്കുട്ടിയും ഒത്തുചേര്‍ന്നപ്പോള്‍ വിനോദത്തിന്റെ അതിരുകള്‍ മാഞ്ഞില്ലാതെയാവുകയായിരുന്നു. അമേരിക്കന്‍ മലയാളിയുടെ ചരിത്രം മാറ്റിയെഴുതുന്ന പ്രൗഢഗംഭീരമായ ഒരു ‘ഫോക്കാനിയന്‍’ സാംസ്‌കാരികരാവിനു അരങ്ങൊരുകയാണെന്നു ബാബുസ്റ്റീഫന്‍ പറഞ്ഞു.
2024 ജൂലൈ 18 മുതല്‍ 20 വരെ റോക്ക് വില്‍.ബെഥസ്ഡ നോര്‍ത്ത് മാരിയറ്റ് ഹോട്ടല്‍ & കണ്‍വെന്‍ഷന്‍ സെന്റരില്‍ നടക്കുന്ന രാജ്യാന്തര കോണ്‍വെന്‍ഷനില്‍ 1500 ലധികം ഡെലിഗേറ്റുകളെ പ്രതീക്ഷിക്കുന്നു.
പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ട്രഷറര്‍ ബിജു ജോണ്‍, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്റ് ചക്കോ കുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ജോയിന്റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് , കണ്‍വെന്‍ഷന്‍ ചെയര്‍ ജോണ്‍സണ്‍ തങ്കച്ചന്‍, കണ്‍വെന്‍ഷന്‍ പ്രസിഡന്റ് വിപിന്‍ രാജ്, കണ്‍വെന്‍ഷന്‍ ഫിനാന്‍സ് ഡയറക്ടര്‍ നോബിള്‍ ജോസഫ്, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജെയിംസ് ജോസഫ് , കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ പ്രക്കാണം, കണ്‍വെന്‍ഷന്‍ ചെയര്‍ വിജോയ് പട്ടമാടി, ജിജോ ആലപ്പാട്ട്, ലീല മാരേട്ട്, ഡോ ഷൈനി രാജു എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കുന്ന കണ്‍വെന്‍ഷനില്‍ ഇനിയും വിഭവങ്ങള്‍ ബാക്കിയാണ്. വരും ദിവസങ്ങളില്‍ ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍ വിവരങ്ങള്‍ പുറത്തു വിടുമെന്ന് പ്രതീക്ഷിക്കാം.