രാജ്യവ്യാപകമായി വെളുത്തുള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, കൃഷിയിടങ്ങളിൽ വെളുത്തുള്ളി മോഷണം പതിവാകുന്നതായി കർഷകർ. മധ്യപ്രദേശിൽ കൃഷിയിടങ്ങളിൽ നിന്ന് വൻ തോതിൽ വെളുത്തുള്ളി മോഷണം പോകുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ കൃഷിയിടങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ നിർബന്ധിതരായിരിക്കുകയാണ് പല കർഷകരും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് വെളുത്തുള്ളിയുടെ വില സർവകാല റെക്കോഡിലെത്തിയിരിക്കുകയാണ്. കിലോഗ്രാമിന് 400 മുതൽ 500 രൂപ വരെയാണ് വിപണിയിൽ വെളുത്തുള്ളിയ്ക്ക് വില.
ഇത്തവണ 13 ഏക്കർ സ്ഥലത്ത് 25 ലക്ഷം രൂപ മുടക്കി വെളുത്തുള്ളി കൃഷി ചെയ്ത രാഹുൽ ദേശ്മുഖ് എന്ന കർഷകന് ഒരു കോടിയോളം രൂപയാണ് ലാഭം ലഭിച്ചത്. ഇതിനകം ഒരു കോടി രൂപയുടെ വെളുത്തുള്ളി വിറ്റഴിച്ചിട്ടുണ്ടെന്നും കൂടുതൽ വെളുത്തുള്ളി വിളവെടുപ്പിനായി കാത്തിരിക്കുകയാണെന്നും ദേശ്മുഖ് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൃഷിയിടങ്ങളിൽ മോഷണം പതിവാകുന്ന സാഹചര്യത്തിൽ നൂതനമായ രീതികൾ ഉപയോഗിച്ച് കൃഷിയിടങ്ങൾക്ക് സുരക്ഷ ഒരുക്കുകയാണ് അദ്ദേഹം. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ക്യാമറകളും ദേശ്മുഖ് തന്റെ തോട്ടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
നാല് ഏക്കർ വെളുത്തുള്ളി പാടങ്ങൾ നിരീക്ഷിക്കാൻ മൂന്ന് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്” എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബദ്നൂരിലെ മറ്റൊരു വെളുത്തുള്ളി കർഷകനായ പവൻ ചൗധരിയ്ക്കും ഇത്തവണത്തെ വിലക്കയറ്റം ഗുണം ചെയ്തു. തങ്ങളുടെ നാലേക്കർ ഭൂമിയിൽ നാലുലക്ഷം മുതൽ മുടക്കി വെളുത്തുള്ളി കൃഷി ചെയ്ത് 6 ലക്ഷം രൂപയാണ് ലാഭം നേടിയത്. “വയലിൽ എപ്പോഴും ഒരു കണ്ണുണ്ടാകാൻ ഞാൻ മൂന്ന് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അവയിൽ രണ്ടെണ്ണം എൻ്റേതാണ്, ഒരെണ്ണം വാടകയ്ക്ക് എടുത്തിരിക്കുന്നതാണ്. വയലിൽ നിന്ന് വെളുത്തുള്ളി മോഷ്ടിക്കപ്പെട്ടതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ” പവൻ ചൗധരി കൂട്ടിച്ചേർത്തു.
സാധാരണയായി വെളുത്തുള്ളി ഓരോ വർഷവും കിലോയ്ക്ക് ശരാശരി 80 രൂപ നിരക്കിലാണ് വിപണിയിൽ വിൽക്കാറുള്ളത്. എന്നാൽ ഈ സീസണിൽ അപ്രതീക്ഷിതമായാണ് വെളുത്തുള്ളിയുടെ വിലയിൽ വൻവർധന ഉണ്ടായത്. വെളുത്തുള്ളി കിലോഗ്രാമിന് 300 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. വെളുത്തുള്ളിയുടെ വില ഇതിനു മുൻപ് ഇത്രയും ഉയർന്നിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.