കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിരമിച്ച റോമന്‍ കത്തോലിക്കാ ബിഷപ്പ് കോടതിയില്‍ ഹാജരായി. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ബ്രൂമി മജിസ്ട്രേറ്റ് കോടതിയിലാണ് ബിഷപ്പ് ക്രിസ്റ്റഫര്‍ സാന്‍ഡേഴ്സിനെ ഹാജരാക്കിയത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 74കാരനായ പ്രതിയ്ക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതായി വെസ്റ്റേണ്‍ ഓസ്ട്രേലിയ പോലീസ് പറഞ്ഞു. ബലാത്സംഗക്കുറ്റവും ബിഷപ്പിനെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റിന് ശേഷം സാന്‍ഡേഴ്സിനെ പോലീസ് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ടിവി നെറ്റ്വര്‍ക്ക് സെവനില്‍ പ്രക്ഷേപണം ചെയ്തിരുന്നു.
ബിഷപ്പിന് കോടതി ജാമ്യം നിഷേധിച്ചതായും പോലീസ് അറിയിച്ചു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ ബ്രൂമിലെ എമിരിറ്റസ് ബിഷപ്പായ സാന്‍ഡേഴ്സ് തയ്യാറായില്ല. നേരത്തെയും കുറ്റം നിഷേധിച്ച് സാന്‍ഡേഴ്സ് രംഗത്തെത്തിയിരുന്നു. 1976ല്‍ വൈദികനായ അദ്ദേഹം 1995ലാണ് ബിഷപ്പായി അധികാരത്തിലെത്തിയത്. 2020ല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. അന്ന് ഇദ്ദേഹത്തിനെതിരെ കൃത്യമായ തെളിവ് കണ്ടെത്താന്‍ പോലീസിനായിരുന്നില്ല. ശേഷം 2021ല്‍ സാൻഡേഴ്സിന്റെ രാജി മാര്‍മാപ്പ സ്വീകരിക്കുകയായിരുന്നു. 2022ലാണ് വത്തിക്കാന്‍ അധികൃതർ സാന്‍ഡേഴ്സിനെതിരെ അന്വേഷണം ആരംഭിച്ചത്.