Friday, November 22, 2024

HomeHealth & Fitnessമുഖവും ചുണ്ടും നീര് വന്ന് വീര്‍ത്തു; രോ​ഗിയുടെ മൂക്കില്‍ നിന്ന് ഡോക്ട‍‍‍‍ർ കണ്ടെടുത്തത് ചെറുപ്രാണിയുടെ 150ഓളം...

മുഖവും ചുണ്ടും നീര് വന്ന് വീര്‍ത്തു; രോ​ഗിയുടെ മൂക്കില്‍ നിന്ന് ഡോക്ട‍‍‍‍ർ കണ്ടെടുത്തത് ചെറുപ്രാണിയുടെ 150ഓളം ലാര്‍വകള്‍.

spot_img
spot_img

നിരന്തരമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വൈദ്യസഹായം തേടിയെത്തിയ യുഎസ് സ്വദേശിയുടെ മൂക്കില്‍ നിന്ന് ചെറുപ്രാണിയുടെ ജീവനുള്ള 150ഓളം ലാര്‍വകളെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. കാന്‍സറിനെ അതിജീവിച്ച ഇദ്ദേഹത്തിന്റെ മൂക്കില്‍നിന്ന് രക്തം വരികയും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ദിവസങ്ങളോളം മുഖവും ചുണ്ടുകളും വീര്‍ത്ത അവസ്ഥയില്‍ തുടരുകയും മൂക്കില്‍ നിന്നും രക്തം വരികയും ചെയ്തതോടെ രോഗിയുടെ ആരോഗ്യനില മോശമായി.

തുടര്‍ന്ന് ഫെബ്രുവരി ഒന്‍പതിന് എച്ച്‌സിഎ ഫ്‌ളോറിഡ മെമ്മോറിയല്‍ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി എത്തുകയായിരുന്നു. ആശുപത്രിയിലെ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റായയ ഡോ. ഡേവിഡ് കാള്‍സണ്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കാര്യം കണ്ടെത്തിയത്. മൂക്കിലും സൈനസ് അറകളിലുമായി ചെറുപ്രാണിയുടെ ജീവനുള്ള 150തോളം ലാര്‍വകളെ അദ്ദേഹം കണ്ടെത്തി. ലാര്‍വകള്‍ കോശങ്ങള്‍ക്കിടയിലേക്ക് തുളച്ച് കയറുകയും വിസര്‍ജനം നടത്തുകയും ചെയ്തിരുന്നു. ഇതാണ് രോഗിയുടെ മുഖം നീരുവയ്ക്കാനും അസ്വസ്ഥതകള്‍ ഉണ്ടാകാനും കാരണമായത്.

സങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് രോഗിയുടെ ശരീരത്തില്‍ നിന്ന് ലാര്‍വകളെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. തലച്ചോറിന് താഴെയായി തലയോട്ടിയുടെ അടിത്തട്ടിനോട് ചേര്‍ന്ന് അപകടകരമായ നിലയിലാണ് ലാര്‍വകള്‍ ഉണ്ടായിരുന്നതെന്ന് ശസ്ത്രക്രിയയുടെ ഗ്രാഫിക് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പ്രാണികള്‍ തലച്ചോറിനുള്ളിലേക്ക് വ്യാപിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമായിരുന്നുവെന്നും ഡോ. കാള്‍സണ്‍ പറഞ്ഞു. 30 വര്‍ഷം മുമ്പ് രോഗിയുടെ മൂക്കില്‍നിന്ന് കാന്‍സര്‍ ബാധിതമായ മുഴ നീക്കം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രതിരോധശേഷിയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുള്ളതായി ഡോക്ടര്‍ പറഞ്ഞു. ഇത് മൂക്കിന് സമീപമുള്ള സൈനസില്‍ പ്രാണികള്‍ക്ക് അതിജീവിക്കാന്‍ സഹായമായ അന്തരീക്ഷം സൃഷ്ടിച്ചു.

ഇപ്പോള്‍ ചികിത്സയില്‍ തുടരുന്ന രോഗി പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ചത്ത മീനിനെ കൈയിൽ എടുത്തശേഷം മതിയായ മുന്‍കരുതലുകളില്ലാതെ പുഴയില്‍ നിന്ന് കൈകള്‍ കഴുകിയതായി രോഗി സമ്മതിച്ചു. ഇതാണ് രോഗബാധയുടെ ഉറവിടമെന്ന് കരുതുന്നു. ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യതയാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് ഡോ. കാള്‍സണ്‍ പറഞ്ഞു. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ശുചിത്വകാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗിയുടെ മൂക്കില്‍ നിന്ന് കണ്ടെടുത്ത ജീവിയെ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments