ഏകദേശം 3000 രൂപയ്‌ക്ക് ടിക്കറ്റുകളെടുത്ത് കോടികളുടെ ഭാഗ്യം സ്വന്തമാക്കിയിരിക്കുകയാണ് ചൈനയിലെ 28 കാരനായ യുവാവ്. ചൈനയിലെ ഏറ്റവും വലിയ ലോട്ടറി ജാക്ക്പോട്ടിലാണ് ചെറുകിട ബിസിനസുകാരനായ യുവാവിനെ ഭാഗ്യം തേടിയെത്തിയത്. 133 ടിക്കറ്റുകളിലാണ് ഇയാൾ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇദ്ദേഹത്തിന് 796 കോടി രൂപയുടെ (680 ദശലക്ഷം യുവാൻ) ജാക്ക്പോട്ട്അടിക്കുകയായിരുന്നു.
ഓരോ തവണയും ഏഴ് നമ്പറുകളുള്ള ഒരേ ഗ്രൂപ്പ് തെരഞ്ഞെടുക്കുമ്പോൾ ഇയാൾക്ക് ലോട്ടറി അടിക്കാറുണ്ടെന്നും പറയുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലാണ് യുവാവിന്റെ താമസം. 3000 രൂപ മുടക്കി 133 ടിക്കറ്റുകളാണ് ഇയാൾ വാങ്ങിയത്. എന്നാൽ ഫലം വന്നപ്പോൾ അദ്ദേഹം എടുത്ത ഓരോ ടിക്കറ്റിനും ആറ് കോടി രൂപ വീതം സമ്മാനം ഉണ്ടായിരുന്നു എന്നാണ് വിവരം. ഫെബ്രുവരി 7ന് ഈ സമ്മാനത്തുക ഇയാൾ കൈപ്പറ്റിയതായും റിപ്പോർട്ട് ഉണ്ട്.
എന്നാൽ ചൈനയിലെ വ്യക്തിഗത ആദായനികുതി നിയമങ്ങൾ അനുസരിച്ച് അയാൾ തൻ്റെ ലോട്ടറി വരുമാനത്തിൻ്റെ അഞ്ചിലൊന്ന് നികുതിയായി അടയ്‌ക്കേണ്ടതുണ്ട്. അതേസമയം 2012 ൽ ബീജിംഗ് സ്വദേശിയായ ഒരാൾ 664 കോടിയുടെ ജാക്ക്പോട്ട് സ്വന്തമാക്കിയതായിരുന്നു ചൈനയിലെ ഇതിനു മുൻപത്തെ റെക്കോർഡ്. എന്നാൽ ഇത് തകർത്തിരിക്കുകയാണ് ഈ യുവാവ്. ഈ വലിയ ഭാഗ്യം തേടിയെത്തിയതായി രാത്രി ഫോൺ വഴിയാണ് തനിക്ക് സന്ദേശം ലഭിച്ചതെന്നും യുവാവ് പറയുന്നു.
“ആദ്യം ഇത് കേട്ടപ്പോൾ ഞാൻ വിശ്വസിച്ചില്ല, പലതവണ നമ്പറുകൾ പരിശോധിച്ചു. മുമ്പ് വിജയിച്ച ടിക്കറ്റുകളിലെ അക്കങ്ങളുടെ ട്രെൻഡ് ഞാൻ ഗവേഷണം ചെയ്തിരുന്നു. ഞാൻ അവയിൽ ചിലത് തിരഞ്ഞെടുത്ത് പരീക്ഷിക്കുകയായിരുന്നു. സ്പ്രിംഗ് ഫെസ്റ്റിവൽ അവധിക്കാലത്ത് ഞാൻ ഈ സന്തോഷവാർത്ത എൻ്റെ കുടുംബവുമായി പങ്കിടുമെന്നും” യുവാവ് പറഞ്ഞു.