റിയോ ഡി ജനീറോ: റിയോ ഡി ജനീറോയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിതല യോഗം സമാപിച്ചു. ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേരയുടെ അധ്യക്ഷതയിൽ നടന്ന ദ്വിദിന ചർച്ചകളിൽ ഭാരതത്തെ പ്രതീനിധീകരിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുത്തു.
വികസ്വരരാജ്യങ്ങൾ തുടർച്ചയായി ജി 20 അധ്യക്ഷത വഹിക്കുന്നത് എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി ബ്രസീലിന് എല്ലാപിന്തുണയും ഭാരതം ഉറപ്പുനൽകുന്നതായി അറിയിച്ചു. ജി 20 ന്യൂഡൽഹി പ്രസ്താവന ഓർമിപ്പിച്ച വിദേശകാര്യ സഹമന്ത്രി , വികസനലക്ഷ്യത്തിന് കൂടുതൽ ഊന്നൽ വേണമെന്ന് പറഞ്ഞു. ന്യൂഡൽഹി പ്രസ്താവനയിലെ ലക്ഷ്യങ്ങൾ വേഗത്തിൽ യാഥാർഥ്യമാക്കണം.
ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് വിപരീതഫലമുണ്ടാക്കുന്ന, ആഗോള വെല്ലുവിളികൾ നേരിടാൻ എല്ലാവരെയും ഉൾക്കൊള്ളുന്നതും ക്രിയാത്മകവുമായ പരിഹാര മാർഗങ്ങൾ തേടണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ നിലവിലെ ബഹുമുഖ ഭരണസമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന ഭാരതത്തിന്റെ അഭിപ്രായം ഉന്നയിച്ച കേന്ദ്രമന്ത്രി ആഗോള ഭരണക്രമത്തിൽ പൊളിച്ചെഴുത്ത് വേണമെന്നും ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടനയിൽ സമൂലമായ പരിഷ്ക്കരണം അനിവാര്യമാണെന്നും മാറുന്ന ആഗോള യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാൻ യുഎന്നിന് സാധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
യുഎൻ രക്ഷാസമിതിയുടെയും മൾട്ടിലാറ്ററൽ ഡവലപ്മെൻറ് ബാങ്കുകളുടെയും ഘടന പൊളിച്ചെഴുതണം. സമഗ്രവും ക്രിയാത്മകവും ബഹുമുഖവുമായ പരിഷ്ക്കരണങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
ഇന്ത്യ- ബ്രസീൽ- ദക്ഷിണാഫ്രിക്ക കൂട്ടായ്മ (IBSA )യിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും കേന്ദ്രമന്ത്രി പങ്കെടുത്തു. ജി 20 ട്രോയ്ക രാജ്യങ്ങളെന്ന നിലയിൽ ഗ്ലോബൽ സൗത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ IBSA യുടെ പങ്ക് അദ്ദേഹം ഉയർത്തിക്കാട്ടി.’ ഇബ്സ’ രാജ്യങ്ങൾക്കിടയിൽ പരസ്പര സഹകരണം വർധിപ്പിക്കാൻ ധാരണയായി.
ഉറുഗ്വെ വിദേശകാര്യ മന്ത്രി ഒമർ പഗനിനി എന്നിവരടക്കം സമ്മേളനത്തിന് എത്തിയ പ്രതിനിധികളുമായി കേന്ദ്രമന്ത്രി ചർച്ച നടത്തി. റിയോ ഡി ജനീറോയിലെ ഇന്ത്യൻ സമൂഹവുമായും വി.മുരളിധരൻ കൂടിക്കാഴ്ച നടത്തി