Monday, December 23, 2024

HomeNewsKeralaടി.പി. വധക്കേസ്: പ്രതികളുടെ ശിക്ഷ ഉയർത്തി; കെ.കെ. കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം.

ടി.പി. വധക്കേസ്: പ്രതികളുടെ ശിക്ഷ ഉയർത്തി; കെ.കെ. കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം.

spot_img
spot_img

കൊച്ചി∙ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്ക് വധശിക്ഷ ഇല്ലെന്ന് ഹൈക്കോടതി. എന്നാൽ പ്രതികളുടെ ശിക്ഷ ഉയർത്തി. കേസില്‍ പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. 1 മുതൽ 5വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കുമാണ് ഇരട്ട ജീവപര്യന്തം ലഭിച്ചത്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ടിപിയുടെ ഭാര്യ കെ കെ രമയ്ക്ക് 7 ലക്ഷം രൂപയും മകന് 5 ലക്ഷം രൂപയും നല്‍കണമെന്നും ഡിവിഷൻ ബെഞ്ച് വിധിച്ചു.

കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ കെ കെ രമ ഹർജി നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.

കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഒന്നുമുതൽ എട്ടുവരെ പ്രതികളായ എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ് എന്നിവരുടെ ശിക്ഷ വർധിപ്പിക്കണമെന്നാണ് ഹർജി.

ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നു മുതൽ ഏഴു വരെ പ്രതികൾക്കെതിരെ കേസുകളുണ്ടായിട്ടുണ്ട്. പ്രതികൾ മാനസാന്തരപ്പെടാൻ ‍ഒരു സാധ്യതയുമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും ഇത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പെട്ടെന്നുള്ള വികാരത്തിനു പുറത്ത് നടന്ന കൊലപാതകമല്ല ഇതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസത്തെ വാദത്തിൽ കേസില്‍ കുറ്റക്കാരല്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. വധശിക്ഷ വിധിക്കാതിരിക്കാൻ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ഒന്നാം പ്രതി എം സി അനൂപിനോട് കോടതി ചോദിച്ചു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് കൊടി സുനി അറിയിച്ചു. വീട്ടിൽ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിർമാണി മനോജിന്റെ വാദം. അസുഖമുള്ളതിനാൽ ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ജ്യോതിബാബുവും ആവശ്യപ്പെട്ടു.

പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കോടതിക്കു കൈമാറിയിരുന്നു. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകി ഹർജി ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുകയും ചെയ്തു.

പ്രതികളായ എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വർഷം കഠിന തടവും വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചിരുന്നു. പി കെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.

2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ചന്ദ്രശേഖരൻ സിപിഎമ്മിൽനിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയതിനു പകരം വീട്ടാൻ സിപിഎമ്മുകാരായ പ്രതികൾ കൊല നടത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments