മുംബൈ: ചൈനയില്‍നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈയിലെ നവശേവ തുറമുഖത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ആണവായുധ, മിസൈല്‍ പദ്ധതികള്‍ക്ക് ഉപയോഗിക്കാവുന്ന ഇറ്റാലിയന്‍ നിര്‍മിത കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്ട്രോള് (സി.എന്‍.സി) മെഷീന് കപ്പലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
കപ്പലില്‍ പരിശോധന നടത്തിയ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ) അയല്‍ രാജ്യം അവരുടെ ആണവായുധ പദ്ധതിക്ക് ഇവ ഉപയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പു നല്കി. ആണവായുധ നിര്‍മാണ പദ്ധതിക്കുവേണ്ടി പാകിസ്താന് ഇവ രഹസ്യമായി കടത്തുകയാണെന്നാണ് സംശയം. സി.എന്‍.സി ഉപയോഗിച്ച് കമ്പ്യൂട്ടര്‍ വഴി ആണവായുധങ്ങളും മിസൈലുകളും പാളിച്ചകളില്ലാതെ നിയന്ത്രിക്കാനാകും.
പരമ്പരാഗത ആയുധങ്ങളുടെയും ഇരട്ട ഉപയോഗമുള്ള വസ്തുക്കളുടെയും സാങ്കേതിക വിദ്യയുടെയും കയറ്റുമതി വിവരങ്ങള്‍ പരസ്പരം പങ്കുവെക്കുന്ന, ഇന്ത്യയടക്കം 42 രാജ്യങ്ങള്‍ പങ്കാളികളായ വസനാര്‍ കരാറില്‍ 1996 മുതല്‍ സി.എന്‍.സിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ജനുവരി 23നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ കപ്പലില്‍ പരിശോധന നടത്തിയത്. എന്നാല്‍, വിവരം പുറത്തുവിട്ടിരുന്നില്ല. മാള്‍ട്ട രജിസ്ട്രേഷനുള്ള സി.എം.എ സി.ജി.എം അറ്റില കപ്പലിലാണ് ചരക്ക്.