Monday, December 23, 2024

HomeEditor's Pickകലാലയ രാഷ്ട്രീയത്തിന്റെ ഇന്നത്തെ പ്രസക്തി (ലേഖനം)

കലാലയ രാഷ്ട്രീയത്തിന്റെ ഇന്നത്തെ പ്രസക്തി (ലേഖനം)

spot_img
spot_img

(ആൻറണി ജോസഫ് കുറുപ്പശ്ശേരി)


വയനാട്ടിൽ പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണം കേരളം ഏറെ ചർച്ച ചെയ്യുകയും അതിൽ മലയാളികളായ എല്ലാവരും തന്നെ കടുത്ത ദുഃഖം അനുഭവിക്കുകയും ചെയ്ത ഒരു സംഭവമാണ്. സിദ്ധാർഥിൻ്റെ മാതാപിതാക്കളുടെയും അവൻ്റെ മറ്റ് ബന്ധു മിത്രാദികളുടെയും ദുഃഖം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്‌. കുട്ടികളെ നഷപ്പെടുന്നത് മാതാപിതാക്കളെപ്പോലെ തന്നെ രാഷ്ട്രത്തിൻ്റെ നഷ്ടം കൂടിയാണ്. സിദ്ധാർഥിൻ്റെ ദാരുണമായ മരണവും അതിൻ്റെ കാരണങ്ങളും കേരളം ഒരുപാട് ചർച്ച ചെയ്തതാണ്.

എന്നാൽ ഈ കാലയളവിൽ ശരിയായ രീതിയിൽ ചർച്ച ചെയ്യാതെ പോയ ഒന്നുണ്ട്. അത് കേരളത്തിലെ കലാലയ രാഷ്ട്രീയത്തിൻ്റെ അതി പ്രസരത്തെക്കുറിച്ചുള്ളതാണ്. കലാലയ രാഷ്ട്രീയത്തിൻ്റെ ഇന്നത്തെ പ്രസക്തിയോ പ്രവർത്തന രീതികളോ അതിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചോ ചർച്ച ചെയ്യപ്പെടുന്നില്ല. അതിൻ്റെ പ്രധാന കാരണം ഇന്നത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെല്ലാം കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്നതാണ്. കലാലയ രാഷ്ട്രീയത്തിനെ പിന്തുണക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും അതിൻ്റെ ആവശ്യകതയെ ന്യായീകരിക്കാൻ പറയുന്ന ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനം രാഷ്ട്രം പ്രശ്നങ്ങളെ നേരിടുമ്പോൾ വിദ്യാർഥികളുടെ ശക്തമായ മുന്നേറ്റമുണ്ടായിട്ടുണ്ടെന്നതാണ്.

സ്വാതന്ത്ര്യ സമരകാലത്ത് വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളോട് ചേർന്ന് സ്വതന്ത്ര ഭാരതത്തിനായി സമരം ചെയ്തതൊക്കെ നമ്മുടെ മുന്നിലുള്ള വസ്തുതകൾ തന്നെയാണ്. അത്തരം മുന്നേറ്റങ്ങൾ ഭാവിയിലും ഉണ്ടാകാം. വിദ്യാർത്ഥികളുടെ നിസ്വാർഥതയും, ആത്മാർത്ഥതയും, രാജ്യസ്നേഹവും, രാഷ്ട്ര നിർമ്മിതിയിൽ പങ്കാളികളാകാനുള്ള അവരുടെ താല്പര്യവുമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. അത്തരം അവസരങ്ങളിലൊക്കെ വിദ്യാർത്ഥികൾ തനിയെ സംഘടിക്കുകയും ഒരു നേതൃത്വം അവരിൽ നിന്ന് രൂപം കൊള്ളുന്നതുമാണ് നമ്മൾ കണ്ടിട്ടുള്ളത്.

ഇന്ന് വിദ്യാർത്ഥി സംഘടനകൾ ഓരോ രാഷ്ട്രീയ പാർട്ടികളുടെ കീഴിൽ പ്രവർത്തിച്ച്കൊണ്ട് വിഘടിച്ച് നിൽക്കുക്കുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ കലാലയങ്ങളെ കലാപാലയങ്ങളാക്കി മാറ്റുന്നതാണ് നമ്മൾ കാണുന്നത്. ഇവിടെ കലാലയങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. അതിൻ്റെ ഉദ്ദേശശുദ്ധിയും വിശുദ്ധിയും നഷ്ടപ്പെടുകയാണ്. പലയിടത്തും ജനാധിപത്യ ബോധത്തെത്തന്നെ ചോദ്യം ചെയ്യുകയാണ്.

മറ്റ് സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്നതാണ് അതിൽ ഏറ്റവും ജനാധിപത്യ വിരുദ്ധം. വിദ്യാർഥിപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ നേതൃത്വത്തിലേക്കും അതുവഴി അധികാരസ്ഥാനത്തേക്കും എത്തുകയെന്നതാണ് ഇന്ന് സംഘടനാ നേതാക്കളുടെ താല്പര്യം. അത് ഏറ്റവും എളുപ്പത്തിൽ സാധ്യമാകുന്നു എന്നതാണ് സംഘടനാ പ്രവർത്തകർക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രോത്സാഹനം.

ഏറ്റവും രസകരമായ കാര്യം പ്രൊഫഷണൽ കോഴ്‌സുകൾ എടുത്ത് പഠിക്കുന്നവർ പോലും പ്രൊഫഷണൽ മികവ് കാട്ടുന്നതിനേക്കാൾ രാഷ്ട്രീയത്തിലൂടെ അധികാരത്തിൽ എത്തിച്ചേരാനാണ് വെമ്പൽ കൊള്ളുന്നത്. ഒരു പക്ഷെ രാജ്യത്തെ തൊഴിലില്ലായ്മ കാരണം ഇത്തരത്തിലുള്ള കുറുക്കുവഴിയിലൂടെ തൊഴിൽ നേടാനുള്ള മാർഗമാക്കുന്നവരും ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ ബോധം വേണ്ടായെന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്

. നമുക്ക് രാഷ്ട്രീയ നേതാക്കൾ മാത്രം പോരാ പകരം എല്ലാ മേഖലകളുമുള്ള പ്രഗത്ഭരായ ധിഷണാശാലികളായ വ്യക്ത്തിത്വങ്ങളാണ് രാജ്യ പുരോഗതിക്ക് വേണ്ടത്. അതിന് വേണ്ടത് ഏറ്റവും നല്ല ഉന്നത വിദ്യാഭ്യാസമാണ്. സമാധാന കാലത്തെ വിദ്യാർത്ഥി രാഷ്ട്രീയം എങ്ങനെയായിരിക്കണമെന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടത്. വിദ്യാർത്ഥികളിൽ രാഷ്ട്ര ബോധവും രാഷ്ട്രീയ ചിന്തകളും വളരുവാൻ വിദ്യാർത്ഥികളുടെ രാഷ്ട്രീയ സംഘടനകൾ വേണമോ എന്ന ചിന്തയാണ് മുന്നോട്ടു വരേണ്ടത്. ഇന്ന് വിദ്യാർഥികളിലെ സ്വതന്ത്ര ചിന്ത നഷ്ടപ്പെടുകയാണ്.

സംഘടനകളിൽ അംഗങ്ങളാകുന്നതോടെ സംഘടനകളുടെ പ്രത്യയ ശാസ്ത്രം മാത്രം മനസ്സിലാക്കി അവരുടെ നേതാക്കളുടെ നിർദ്ദേശങ്ങളുടെ ആജ്‌ഞാനുവർത്തികളായി ത്തീരുകയാണ് ചെയ്യുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഭൂരിഭാഗം കോളേജുകളും എയിഡടോ സ്വാശ്രയ കോളേജുകളോ ആണെന്നതാണ് പ്രത്യേകത. അവിടെയൊന്നും തന്നെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അതി പ്രസരമില്ല അല്ലെങ്കിൽ അനുവദിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ. സർക്കാർ കോളേജുകളിലും ചില എയിഡഡ് കോളേജുകളിലും മാത്രമാണ് ഇന്ന് വിദ്യാർത്ഥി സംഘടനകൾ പ്രവർത്തിക്കുന്നുള്ളു. അത് കൊണ്ട് തന്നെ ഭൂരിഭാഗം വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാകുന്നില്ല എന്ന് വേണം അനുമാനിക്കാൻ. കേരളത്തിന് പുറത്തു മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമായി പഠിക്കുന്ന വിദ്യാർത്ഥികളുടെ കണക്കെടുത്താൽ അത് ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതായിരിക്കും.

സാധാരക്കാരും മറ്റ് പിന്നോക്കം നില്കുന്നവരുമൊക്കെയാണ് സർക്കാർ കോളേജുകളിൽ പഠിക്കാൻ എത്തുന്നത്. അവിടെയൊക്കെയുണ്ടാകുന്ന വിദ്യാർത്ഥി സംഘടനകളുടെ തീവ്രമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ കൊണ്ട് സാധാരണക്കാരായ കുട്ടികൾക്ക് യാതൊരു പ്രയോജനവും കിട്ടുന്നില്ല എന്ന് മാത്രമല്ല അവർക്ക് സമാധാന പൂർണമായ മെച്ചപ്പെട്ട വിദ്യഭ്യാസം നിഷേധിക്കുകയാണ് ഉണ്ടാകുന്നത്.

ഓരോ വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനോ അത് ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുവാനോ ഉള്ള സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. അതിൽ പോരായ്മകളുണ്ടെങ്കിൽ അത് നീക്കുവാനും മെച്ചപ്പെടുത്തുവാനുമാണ് സർക്കാർ സംവിധാനങ്ങളോ യൂണിവേഴ്സിറ്റി സംവിധാനങ്ങളോ ശ്രമിക്കേണ്ടത്. ക്യാമ്പസുകളിലുള്ള റാഗിങ്ങ് പോലുള്ള തെറ്റായ പ്രവണതകളെ തടയുവാനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും അതൊക്കെ നിഷ്പ്രഭമാകുന്നതാണ് പലയിടത്തും കാണുന്നത്.

ഇത്തരത്തിലുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്ത വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ തീവ്രമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കടിഞ്ഞാണിടേണ്ടത് വളരെ അത്യാവശ്യമാണ്. ഇതുവഴി സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനും പഠിക്കുവാനും ഉള്ള അവസരങ്ങൾ ആണ് ഉണ്ടാകേണ്ടത്. എന്നാൽ ഇതിനൊന്നും കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളൊന്നും തയ്യാറാവുകയില്ല എന്നതാണ് യാഥാർഥ്യം.

അതുപോലെ പ്രാധാന്യത്തോടെ ചിന്തിക്കേണ്ട മറ്റൊരു വിഷയം കോളേജുകളിലുള്ള അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സംഘടനകളും അനഭിലഷണീയമായ അവരുടെ പ്രവർത്തന രീതികളുമാണ്. ഇന്ന് ഇത്തരം കോളേജുകളിലുള്ള ഒരു ന്യൂനപക്ഷമെങ്കിലും കുട്ടികളിലുണ്ടാകുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് ആരും ശ്രദ്ധിക്കാതെ പോകുകയാണ്.

വിദ്യാർത്ഥികളിൽ സ്വതന്ത്ര ചിന്താഗതി വളർത്തുവാനും നൂതന ആശയങ്ങൾ കെട്ടിപ്പടുക്കുവാനുള്ള അനുയോജ്യമായ ഒരു സാമൂഹിക ചുറ്റുപാടായിരിക്കണം കോളേജ് ക്യാമ്പസുകളിൽ ഉണ്ടാകേണ്ടത്. അതിൽ ഏറ്റവും പ്രധാനമായത് അക്കാദമിക് നിബന്ധനകൾക്കപ്പുറം അവർ സ്വാതന്ത്രരായിരിക്കണമെന്നുള്ളതാണ്. ഇന്ന് വിദ്യാർത്ഥികളുടെ പരമമായ ഉത്തരവാദിത്വം ഏറ്റവും മെച്ചപ്പെട്ട വിദ്യഭ്യാസം നേടിക്കൊണ്ട് നമ്മുടെ സ്വതന്ത്ര പരമാധികാര രാജ്യത്തെ ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കുക എന്നതായിരിക്കണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments