തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം. ശക്തമായ തിരയെ തുടർന്നാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നത്. ഈ സമയം നിരവധിപേർ ബ്രിഡ്ജിൽ ഉണ്ടായിരുന്നു. പതിനഞ്ചോളം പേര്‍ കടലില്‍ വീണു. ഇവരെ പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബ്രിഡ്ജിന്റെ പകുതിയിലേറെ ഭാഗം അപകടത്തില്‍ തകർന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംസ്ഥാനത്തെ ഏഴാമത്തെയും തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെയും ഫ്ലോട്ടിങ് ബ്രിഡ്ജ് വര്‍ക്കലയില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. വര്‍ഷം തോറും വിദേശികളടക്കം വന്നുപോകുന്ന വര്‍ക്കല തീരത്തിന്റെ ടൂറിസം സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും വർക്കല നഗരസഭയുടെയും സഹകരണത്തോടെ ഡിടിപിസിയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാക്കിയത്.
100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ അവസാനഭാഗത്തെ 11 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമാണ് പ്ലാറ്റ്‌ഫോം ആയിരുന്നു പ്രധാന ആകര്‍ഷണം. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് ഫ്ലോട്ടിങ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം സമയം.
ഒരേസമയം 100 പേർക്ക് വരെ പ്രവേശിക്കാവുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്‍പ്പന. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് ഇതിന് ഉറപ്പിച്ചു നിര്‍ത്തിയിരുന്നത്. ഉയർന്ന നിലവാരമുള്ള 1400 ഓളം പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേര്‍ത്താണ് വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിച്ചതെന്നായിരുന്നു അധികൃതരുടെ അവകാശവാദം.