പ്രവാചകനിന്ദ ആരോപിച്ച് 22 കാരനെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി. പ്രവാചകനായ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് വാട്സ്ആപ്പ് സന്ദേശം അയച്ച സംഭവത്തിലാണ് 22 കാരനെ കോടതി ശിക്ഷിച്ചത്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫോട്ടോകളും വീഡിയോകളും യുവാവ് വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചുവെന്നാണ് കേസ്. കേസിലുള്‍പ്പെട്ട 17കാരനായ വിദ്യാര്‍ത്ഥിയ്ക്ക് ജീവപര്യന്തം തടവും പ്രവിശ്യ കോടതി വിധിച്ചിട്ടുണ്ട്. ഇരുവരും തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. സാധാരണയായി പാകിസ്ഥാനില്‍ മതനിന്ദ കുറ്റത്തിന് വധശിക്ഷയാണ് നല്കി വരുന്നത്.
ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ലാഹോറിലെ സൈബര്‍ ക്രൈം യൂണിറ്റിലാണ് കേസിനാസ്പദമായ പരാതി ലഭിച്ചത്. കേസ് ഗുജ്രന്‍വാലയിലെ കോടതിയിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് പ്രവാചകനെയും ഭാര്യമാരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോയും ഫോട്ടോകളും 22കാരന് നിര്‍മ്മിച്ചുവെന്ന് കോടതി വിലയിരുത്തി.
ഈ ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്തതിനാണ് കേസിലുള്‍പ്പെട്ട 17കാരന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതിഭാഗം വാദിച്ചു. വിധിയ്ക്കെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് 22കാരന്റെ പിതാവ് പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്താണ് പാകിസ്ഥാനില്‍ മതനിന്ദ നിയമം ഏര്‍പ്പെടുത്തിയത്. പിന്നീട് വന്ന പട്ടാള ഭരണകൂടവും ഈ നിയമത്തിന് പ്രാധാന്യം നല്കി.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പേര് ഖുറാനെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ചിലര്‍ പാകിസ്ഥാനിലെ നിരവധി ക്രിസ്ത്യന്‍ പള്ളികളും വീടുകളും തീയിട്ട് നശിപ്പിച്ചിരുന്നു. ജാരന്വാലയിലാണ് സംഭവം നടന്നത്.
ഇത്തരം കേസില്‍പ്പെടുന്നവരെ വിചാരണയ്ക്ക് മുമ്പ് തന്നെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവങ്ങളും പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരുമാസം മുമ്പാണ് ഖുറാന് വചനങ്ങള്‍ വസ്ത്രത്തില്‍ ആലേഖനം ചെയ്തുവെന്നാരോപിച്ച് ജനക്കൂട്ടം ഒരു സ്ത്രീയ്ക്കെതിരെ രംഗത്തെത്തിയത്.
പാകിസ്ഥാന്റെ ചീഫ് ജസ്റ്റിസ് മതനിന്ദ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പാകിസ്ഥാനി ഇസ്ലാമിസ്റ്റ് പാര്‍ട്ടികളുടെ അനുയായികള്‍ പ്രതിഷേധ റാലി നടത്തിയതും വാര്‍ത്തയായിരുന്നു. പാക് ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഇസ നടത്തിയ പരാമര്‍ശം മതനിന്ദാപരമാണെന്ന് തെഹ്രീക്-ഇ-ലബൈക് പാകിസ്ഥാന് നേതൃത്വം പറഞ്ഞു. ന്യൂനപക്ഷമായ അഹമ്മദി സമുദായാംഗത്തിനെതിരെയുള്ള കേസിലെ പരാമര്‍ശമാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്.