റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് 2022 അവസാനത്തോടെ ലോകം ഒരു ആണവയുദ്ധ പ്രതിസന്ധിയുടെ വക്കിലെത്തിയിരുന്നു. എന്നാൽ ഇത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കളുടെ ഇടപെടലുകൾ സഹായിച്ചതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
2022 അവസാനത്തോടെ, റഷ്യ യുക്രൈനിൽ ആണവ ആക്രമണം നടത്താനുള്ള സാധ്യതകൾ മുന്നിൽ കണ്ട് യുഎസ് തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നതായി അമേരിക്കൻ വാർത്താ അവതാരകനും മുൻ ഗവൺമെൻ്റ് ഉദ്യോഗസ്ഥനുമായ ജിം സ്ക്യൂട്ടോ പറഞ്ഞു. റഷ്യയുടെ ആണവായുധ ആക്രമണ സാധ്യതയെക്കുറിച്ച് ബൈഡൻ ഭരണകൂടം ഗുരുതരമായ ആശങ്കകൾ പങ്കുവെച്ചിരുന്നതായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ സ്യൂട്ടോ വെളിപ്പെടുത്തി. ഈ കാലയളവിൽ യുഎസിന് ലഭിച്ച ചില തന്ത്രപ്രധാനമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആശങ്ക ഉടലെടുത്തത്.
യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആണവായുധ പ്രയോഗം തടയുന്നതിനായി നിരവധി പദ്ധതികൾ രൂപപ്പെടുത്തുകയും നിരവധി യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. 2022 അവസാനം കെർസൺ ഉൾപ്പെടെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾക്കെതിരെ യുക്രെയന്‍ സൈന്യം കാര്യമായ മുന്നേറ്റം നടത്തിയപ്പോൾ ആണവായുധ പ്രയോഗ സാധ്യത കൂടുതൽ ഉയർന്നു. റഷ്യൻ സേനയ്ക്ക് നേരിട്ട തിരിച്ചടി സംഘർഷം ആണവയുദ്ധത്തിലേയ്ക്ക് നീങ്ങുമോയെന്ന ആശങ്ക വർധിപ്പിച്ചിരുന്നു.
കൂടാതെ ആണവ ആക്രമണം നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചുള്ള റഷ്യൻ ഉദ്യോഗസ്ഥരുടെ ചില സംഭാഷണങ്ങളും പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഈ ചർച്ചകളുടെ കൃത്യമായ സ്വഭാവം വ്യക്തമല്ലെങ്കിലും അവ യുഎസ് ഭരണകൂടത്തിൽ ആശങ്ക വർധിപ്പിച്ചു.
തുടർന്ന് 2022 അവസാനത്തിലുടനീളം, യുഎസ് അടിയന്തിര നയതന്ത്ര ഇടപെടലുകൾ നടത്തിയിരുന്നു. ആശങ്കകൾ റഷ്യയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ ആണവയുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളും അമേരിക്ക നടത്തിയതായി ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ സ്ക്യൂട്ടോയോട് പറഞ്ഞു.
ചൈനീസ് നേതാവ് ഷി ജിൻപിങ്ങിൻ്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലുകളും പരസ്യ പ്രസ്താവനകളും ഈ പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചതായും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ഉസ്ബെക്കിസ്ഥാനിൽ വച്ച് നടന്ന ഒരു ഉച്ചകോടിക്കിടെ, ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് നരേന്ദ്രമോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട് പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. “ഇന്നത്തെ യുഗം യുദ്ധത്തിനുള്ളതല്ല” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനെ അറിയിച്ചത്. ഈ സന്ദേശം പിന്നീട് പല ലോകനേതാക്കളും ഏറ്റെടുത്തിരുന്നു.