ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പൗരത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ സജ്ജമായി. indiacitizenshiponline.nic.in എന്ന സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തം ഇ മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നിര്‍ബന്ധമാണ്. നിശ്ചിത ഫീസ് അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സ്ഥിരീകരണത്തിനായി അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനൽ സഹിതം അപേക്ഷകൻ നേരിട്ട് ഹാജരാകണം. തീയതിയും സമയവും ഇ-മെയിൽ/എസ്എംഎസ് മുഖേനെ അപേക്ഷകനെ അറിയിക്കും.
പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിന്, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.