മൂന്നാര്‍: താന്‍ ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. അടഞ്ഞുകിടക്കുന്ന വാതില്‍ അടഞ്ഞുതന്നെ കിടന്നോട്ടെയെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി. പക്ഷേ ഉപദ്രവിക്കാന്‍ ശ്രമിക്കരുത്. ഉപദ്രവിച്ചാല്‍ മറ്റു വഴി തേടേണ്ടി വരും. തനിക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി വ്യാജ തെളിവുകളുണ്ടാക്കിയതായും രാജേന്ദ്രന്‍ ആരോപിച്ചു.
സിപിഎം അംഗത്വം പുതുക്കാന്‍ താല്‍പര്യമില്ലെന്ന് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ചതിയന്മാര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സിപിഎമ്മില്‍ താന്‍ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. ശശി ആഗ്രഹിക്കുന്നുവെന്നും രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാജേന്ദ്രനെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിപിഎമ്മിലേക്ക് ഇനിയില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെയാണു രാജേന്ദ്രന്റെ ബിജെപി പ്രവേശനം സംബന്ധിച്ച പ്രചാരണം വ്യാപകമായത്. ബിജെപിയുടെ ചെന്നൈയില്‍ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടില്‍ വന്നു കണ്ടു ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു.
മൂന്നാറിലെ തോട്ടം മേഖലയില്‍ രാജേന്ദ്രനു സ്വാധീനമുള്ള തമിഴ് മേഖലകളിലെ വോട്ടുകളാണു ബിജെപിയുടെ ലക്ഷ്യം. ഇതിനായി പാര്‍ട്ടിയിലെ സ്ഥാനങ്ങളും വാഗ്ദാനം നല്‍കിയിരുന്നു.