റിസര്‍വ് ബാങ്ക് നടപടിയ്ക്ക് പിന്നാലെ പേടിഎം പേയ്‌മെന്റ് ബാങ്കുകള്‍ അടച്ചുപ്പൂട്ടലിലേക്ക് നീങ്ങുകയാണ്. മാര്‍ച്ച് 15 മുതല്‍ പേടിഎം പേയ്‌മെന്റ് ബാങ്കുകളുടെ സേവനം പൂര്‍ണ്ണമായി ഇല്ലാതാകും. സ്റ്റോക്ക് ട്രേഡുകള്‍ക്കായി നിലവില്‍ ഈ ബാങ്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ബോംബെ സ്റ്റോക്ക് എക്‌സേഞ്ചും രംഗത്തെത്തിയിട്ടുണ്ട്.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് അടച്ചുപൂട്ടാന്‍ ആര്‍ബിഐ ഉത്തരവിട്ടത്. കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ബാങ്കില്‍ ചിലര്‍ അക്കൗണ്ടുകള്‍ തുറന്നതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ പോലെയുള്ള നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിനുപിന്നില്‍ നടന്നതായി ആശങ്കപ്പെടുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്കും അയച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാര്യമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.
മാര്‍ച്ച് 15ന് ശേഷം പേടിഎം പേയ്‌മെന്റ് ബാങ്ക് സേവനങ്ങളിലുണ്ടാകുന്ന മാറ്റം?
മാര്‍ച്ച് 15ന് ശേഷവും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ പണം നിക്ഷേപിക്കാന്‍ ആകില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ഉപയോക്താക്കളുടെ വാലറ്റിലേയ്ക്ക് മണി ട്രാന്‍സ്ഫര്‍, ടോപ് അപ്പ് പോലെയുള്ള ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ പേയ്‌മെന്റുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
അതുകൂടാതെ പേടിഎം ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 15ന് ശേഷം ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാനോ ടോപ്പ് അപ്പ് ചെയ്യാനോ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു. മാത്രമല്ല ഉപയോക്താക്കള്‍ക്ക് യുപിഐ അല്ലെങ്കില്‍ ഐഎംപിഎസ് ഉപയോഗിച്ച് പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കില്ല. അതുകൊണ്ട് തന്നെ മാര്‍ച്ച് 15ന് ശേഷം മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതാകും ഉചിതം.
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പേടിഎമ്മിനായുള്ള തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സിന് വെള്ളിയാഴ്ചയോടെ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലഭിച്ചാല്‍ രാജ്യത്തെ യുപിഐ വഴിയുള്ള പേയ്‌മെന്റുകള്‍ക്കായി പേടിഎം ആപ്പ് ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.
‘‘തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് മാര്‍ച്ച് 15ന് മുമ്പ് ലഭിക്കും. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായി വരികയാണ്,’’ എന്നാണ് ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുമായും പേടിഎം സഹകരിച്ചേക്കാമെന്നും സൂചനയുണ്ട്.
ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്തതും മേല്‍നോട്ടത്തിലെ പ്രശ്നങ്ങള്‍ കാരണവും മാര്‍ച്ച് 15നുള്ളില്‍ പേടിഎം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനെതുടര്‍ന്ന് പേടിഎമ്മിന്റെ ഓഹരികളില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു.
ആര്‍ബിഐ നടപടിയെത്തുടര്‍ന്ന് ഫെബ്രുവരി ആദ്യം പേടിഎമ്മിന്റെ ഓഹരികള്‍ റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് പിന്നീട് 35 ശതമാനത്തോളം വീണ്ടെടുക്കുകയും ചെയ്തിരുന്നു. പുതിയ ബാങ്കിങ് പങ്കാളിയുമായി പേടിഎം കരാർ ഒപ്പുവയ്ക്കുകയും ആര്‍ബിഐ നടപടികള്‍ സ്വീകരിക്കാനുള്ള സമയപരിധി നീട്ടുകയും ചെയ്തതോടെയാണ് ഓഹരികള്‍ തിരിച്ച് കയറിയത്.
പേയ്മെന്റ് ബാങ്ക് യൂണിറ്റിന്റെ നോണ്‍ എക്സിക്യുട്ടിവ് ചെയര്‍മാന്‍ സ്ഥാനവും ബോര്‍ഡ് അംഗത്വവും ഒഴിയുകയാണെന്ന് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബോര്‍ഡില്‍ പേടിഎം വലിയ മാറ്റം വരുത്തിയിരുന്നു.