ആഗ്രഹിച്ച സ്ഥലത്ത് വീട് വയ്ക്കാൻ പ്രാദേശിക കൗൺസിൽ അനുവാദം നൽകാത്തതിനെത്തുടർന്ന് ഡബിൾ ഡെക്കർ ബസ് വീടാക്കി മാറ്റി യുകെ കുടുംബം. വീടില്ലാതെ തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന സാഹചര്യത്തിലാണ് ഇത്തരമൊരാശയം ഉയർന്നുവന്നത്. പാരമ്പര്യ സ്വത്തുക്കൾ ഉപയോഗിച്ച് വാങ്ങിയ ഡബിൾ ഡെക്കർ ബസുകൾ വീടാക്കി മാറ്റിയതോടെ വർഷം പത്ത് ലക്ഷം രൂപ വാടകയിനത്തിൽ മാത്രം കുടുംബത്തിന് ലാഭിക്കാൻ കഴിയുന്നുണ്ടെന്നാണ് വിവരം.
ദമ്പതികളായ ആന്റണിയും, എമ്മ ടെയ്ലറുമാണ് തങ്ങളുടെ അഞ്ച് മക്കളെയും വീൽചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ആന്റണിയുടെ സഹോദരിയെയും ഉൾക്കൊള്ളാൻ സാധിക്കുന്ന ഒരു വീടിനായുള്ള ശ്രമത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ബസുകൾ വീടാക്കി മാറ്റിയത്. താമസിച്ചുകൊണ്ടിരുന്ന സ്ഥലത്തിന്റെ ഉടമ അവിടെ നിന്നും ഉടൻ മാറണമെന്നുള്ള നോട്ടീസ് നൽകിയപ്പോഴാണ് എന്ത് ചെയ്യണമെന്നറിയാതെ നിന്ന ആന്റണി ഇ-ബേയിൽ (eBay) വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാത്ത രണ്ട് ഡബിൾ ഡെക്കർ ബസുകൾ വിൽക്കാനുണ്ടെന്ന വാർത്ത കാണുന്നത്.
തുടർന്നാണ് ബസുകൾ വാങ്ങി വീടാക്കാനുള്ള ആശയം ഉണ്ടായതും പരമ്പരാഗത സ്വത്തു വഴി ലഭിച്ച പണം ചെലവഴിച്ച് ബസുകൾ വാങ്ങി വീടാക്കി മാറ്റിയതും. 38 ലക്ഷം രൂപയാണ് ആന്റണിയ്ക്ക് ഇതിനായി ആകെ ചെലവായ തുക. ഏഴ് കിടപ്പുമുറികളും, നിരവധി കുളിമുറികളും അടുക്കളയും എല്ലാം അടങ്ങുന്ന ബസിന്റെ ഉൾഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ ആന്റണി ടിക്ടോക്കിൽ പങ്ക് വച്ചിരുന്നു. കൂടാതെ വെള്ളം ചൂടാക്കാനുള്ള ബോയിലറുകളും സോളാർ പാനലുകളും ബസിൽ സ്ഥാപിച്ചിട്ടുണ്ട്. 2019 ൽ ബ്രെയിൻ അനൂറിസം ( Brain Aneurysm ) ബാധിച്ച് അമ്മ മരിച്ചത് ആന്റണിയെ സാരമായി ബാധിച്ചിരുന്നു. അമ്മയുടെ മരണ ശേഷം അവരുടെ സ്വത്തായി ലഭിച്ച പണം കൊണ്ടാണ് ആന്റണി ബസുകൾ വാങ്ങി വീടാക്കി മാറ്റിയത്.