റാഞ്ചി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായി ജാർഖണ്ഡ് കോടതിയുടെ സമൻസ്. അപകീർത്തി കേസുമായി ബന്ധപ്പെട്ട് ഈ മാസം 27ന് രാഹുൽ നേരിട്ട് ഹാജരാകണമെന്ന് ചയ്ബാസയിലെ എംപി–എംഎൽഎ കോടതി ആവശ്യപ്പെട്ടു.
2018ൽ രാഹുൽ നടത്തിയ ബിജെപി വിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പ്രതാപ് കത്തിയാർ ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചത്. ‘ഏത് കൊലയാളിക്കും ഇപ്പോൾ ബിജെപി പ്രസിഡന്റാകാം’ എന്ന പരാമർശമാണ് കേസിന് ആസ്പദമായത്.
2022 ഏപ്രിലിൽ കേസുമായി ബന്ധപ്പെട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഹാജരായില്ല. കഴിഞ്ഞ മാസം ഓൺലൈൻ കോൺഫറൻസ് വഴി ഹാജരാകാമെന്ന് രാഹുൽ അറിയിച്ചെങ്കിലും കോടതി അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെയാണ് നേരിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെ കോൺഗ്രസിനും ‘ഇന്ത്യ’ മുന്നണിക്കും കോടതി നടപടി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.