ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ വിവാദമായിട്ടുള്ള ഇലക്ടറല്‍ ബോണ്ട് കേസില്‍ ഇന്ന് നിര്‍ണായക ദിനം. ഓരോ സ്ഥാപനങ്ങളും വാങ്ങിയിട്ടുള്ള ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍ നല്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്കും സീരിയല്‍ നമ്പരുകള്‍ ലഭ്യമായാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.
ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച് വിവരങ്ങള്‍ നല്കുന്നതില്‍ എസ്ബിഐ മെല്ലെപ്പോക്ക് നയമായിരുന്നു സ്വീകരിച്ചു പോന്നത്. സുപ്രീം കോടതിയുടെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്നാണ് എസ്ബിഐയ്ക്ക് നിലപാട് മാറ്റേണ്ടി വന്നത്.
ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഫെബ്രുവരി 15 ന് സുപ്രീംകോടതി എസ്.ബി.ഐയോട് ആവശ്യപ്പെട്ടു.
എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ തള്ളിയ കോടതി അന്ത്യശാസനം കൊടുത്തതോടയൊണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നത്. ഭരണകക്ഷിയായ ബിജെപിയെ സമ്മര്‍ദത്തിലാക്കുന്ന തരത്തിലാണ് ബോണ്ടുകള്‍ സംബന്ധിച്ചുള്ള ആദ്യഘട്ട വിവരങ്ങള്‍ പുറത്തുവന്നത്. . നാളെ സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കാനിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.
കൂടുതല്‍ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയില്‍ മൂന്നും ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സുകളുടെ അന്വേഷണം നേരിടുന്നവയായിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ളവരുടെ കമ്പനികളാണ് ഭീമമായ തോതില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത്.