എ.എസ് ശ്രീകുമാര്‍
ന്യൂയോര്‍ക്ക്: കലാ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളില്‍ സമാനതകളില്ലാത്ത അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ എന്ന സണ്ണി നൈനാന്‍ ഫോമാ 2024-’26 ഭരണ സമിതിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നു. ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി രണ്ടുവട്ടം പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം തന്റെ നിസ്തുലമായ സംഘാടന മികവിന്റെ സുതാര്യതയോടെയാണ് ഇപ്പോള്‍ ജനവിധി തേടുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പ്രമുഖ സംഘാടകന്‍ തോമസ് ടി ഉമ്മന്‍, സണ്ണി കല്ലൂപ്പാറയുടെ സ്ഥാനാര്‍ത്ഥിത്വം ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് അറിയിച്ചു.
”മോഹന വാഗ്ദാനങ്ങളൊന്നും നല്‍കുന്നില്ല. ഫോമാ എന്ന ഈടുറ്റ ജനകീയ പ്രസ്ഥാനത്തിനുവേണ്ടി ഇതുവരെ ചെയ്യാന്‍ സാധിച്ച എന്റെ എളിയ സേവനങ്ങളെ വിലയിരുത്തി പ്രിയപ്പെട്ട എല്ലവരോടും വോട്ട് അഭ്യര്‍ത്ഥിക്കുന്നു…” സണ്ണി കല്ലൂപ്പാറ പറഞ്ഞു.
സിനിമ-നാടക-സീരിയല്‍ നടനും രചയിതാവും മാധ്യമ പ്രവര്‍ത്തകനുമെന്ന നിലയില്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ സണ്ണി കല്ലൂപ്പാറയുടെ ജനപക്ഷമുഖമാണ്, 1984-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹത്തെ ഏവര്‍ക്കും സ്വീകാര്യനാക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ ആശയും അഭിനിവേശവുമായ ഫോമായുടെ ഇതുവരെയുള്ള മിക്കവാറും കണ്‍വന്‍ഷനുകളുടെ മൂന്നും നാലും കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സണ്ണി കല്ലൂപ്പാറ. അവയുടെയൊക്കെ ചരിത്ര വിജയത്തിന് പിന്നിലെ ഇദ്ദേഹത്തിന്റെ ക്രിയാത്മക പങ്കാളിത്തത്തെപ്പറ്റി ഫോമായുടെ മുന്‍കാല പ്രസിഡന്റുമാര്‍ക്കും നിലവിലുള്ള പ്രസിഡന്റിനുമൊക്കെ അറിയാവുന്നതാണ്.
സ്‌കൂള്‍, കോളേജ്, ഇന്റര്‍ കോളേജ് നാടക മത്സരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ സണ്ണി കല്ലൂപ്പാറ. അഖില കേരള ബാലജനസഖ്യം കലാ പ്രതിഭ പട്ടം അലങ്കരിച്ചിട്ടുണ്ട്. അമേരിക്കയില്‍ എത്തിയ ശേഷം കലാ-സാംസ്‌കാരിക-സാമൂഹിക-സംഘടനാ തലങ്ങളില്‍ സജീവമായ സണ്ണി കല്ലൂപ്പാറ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്) പ്രസിഡന്റായി. നിലവില്‍ സംഘടനയുടെ വൈസ് പ്രസിഡന്റാണ്.
ഫോമായുടെ എമ്പയര്‍ റീജിയന്‍ ട്രഷററായിരുന്ന സണ്ണി കല്ലൂപ്പാറ ഫോമാ ചിക്കാഗോ കണ്‍വന്‍ഷനില്‍ നാടക മത്സരത്തിന്റെ ചെയര്‍ പേഴ്‌സണ്‍ ഉള്‍പ്പെടെ നാല് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. ഫിലാഡല്‍ഫിയ കണ്‍വന്‍ഷനിലെ കോ-ഓഡിനേറ്ററായും തിളങ്ങി. ഫോമാ ഷിക്കാഗോ കണ്‍വന്‍ഷന്‍ ബെസ്റ്റ് കപ്പിള്‍ മല്‍രത്തിന്റെ ജഡ്ജായിരുന്നു. ഫ്ളോറിഡാ കണ്‍വന്‍ഷനിലെ നാടക മത്സരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ‘ആരും പറയാത്ത കഥ’ എന്ന നാടകത്തിലെ അഭിനയ മികവിനായിരുന്നു ഈ അംഗീകാരം.
സണ്ണി കല്ലൂപ്പാറ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് (യോങ്കേഴ്‌സ്) യുവജന സഖ്യം സെക്രട്ടറിയായും സംഘടനയുടെ വൈസ് പ്രസിഡന്റ്, നോര്‍ത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി, ഭദ്രാസന അസംബ്ലി മെമ്പര്‍, നോര്‍ത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യം ആദ്യ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് അസംബ്ലി അംഗമാണ്.
ന്യൂയോര്‍ക്കിലെ ക്രോമലോയിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന സണ്ണി കല്ലൂപ്പാറ തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും അഭിനയത്തെ നെഞ്ചോട് ചേര്‍ക്കുന്ന തികഞ്ഞ കലാകാരനാണ്. അപ്പൂപ്പപന് 100 വയസ്, നന്മകള്‍ പൂക്കും കാലം, പ്രവാസി തുടങ്ങി 200-ല്‍ അധികം വേദികള്‍ പിന്നിട്ട ഇരുപതിലധികം പ്രൊഫഷണല്‍ നാടകങ്ങളിലൂടെ ഒട്ടനവധി ജനസദസുകളില്‍ ഇന്നും സജീവമായി നാടകങ്ങള്‍ അവതരിപ്പിച്ചു വരുന്നു.
ഫിലഡല്‍ഫിയയിലെ മാനുഷി നാടകോത്സവത്തില്‍ വ്യുവേഴ്‌സ് ചോയിസ് ബെസ്റ്റ് ആക്റ്ററായി. വെസ്റ്റ്‌ചെസ്റ്ററിലെ യൂണിഫെസ്റ്റ് 91ല്‍ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് വേദിയില്‍ നിന്ന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും സ്വന്തമാക്കി.
പ്രവാസി, അക്കരക്കാഴ്ച, അവര്‍ക്കൊപ്പം, ലോക്ക്ഡ് ഇന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കൂടാതെ ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകളിലെ ജനപ്രിയ പരമ്പരകളായ മനസ്സറിയാതെ, വേളാങ്കണ്ണിമാതാവ്, ഞങ്ങള്‍ സന്തുഷ്ട്ടരാണ്, കുങ്കുമപ്പൂവ്, അല്‍ഫോണ്‍സാമ്മ, അക്കരക്കാഴ്ച്ച, ഹരിചന്ദനം, ഇത് രുദ്രവീണ, പ്രവാസി, ഗ്രീന്‍കാര്‍ഡ്, ഫെയ്സ് ബുക്ക് ജോപ്പന്‍, തുടങ്ങിയ പത്തില്‍ അധികം സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. ലോക്ക്ഡ് ഇന്‍ ആണ് സണ്ണി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.
അമേരിക്കന്‍ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമുള്ള ജനപ്രിയ കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയുമായാണ് സണ്ണി കല്ലൂപ്പാറ ജൈത്രയാത്ര തുടരുന്നത്. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സൂപ്പര്‍ ഹിറ്റ് സീരിയല്‍ ‘ഫെയ്സ്ബുക്ക് ജോപ്പ’നിലെ മുഴുനീള കഥാപാത്രമായ ജോപ്പനും ‘നാടന്‍ വൈബ്സി’ലെ വര്‍ക്കിയും ‘കപ്പ ആന്റ് ക്രൊയ്‌സാന്റ്സി’ലെ ചാക്കോയും അരങ്ങ് തകര്‍ത്താടിയവയാണ്. നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ഈ വ്യത്യസ്ത മുഖങ്ങളെ തന്‍മയത്വത്തോടെ സണ്ണി കല്ലൂപ്പാറ അവതരിപ്പിക്കുമ്പോള്‍ അവര്‍ സ്വാഭാവിക വ്യക്തികളായി മാറുന്നു.
തിരുവല്ലയ്ക്കു സമീപം കല്ലൂപ്പാറ പേരാലുംമൂട്ടില്‍ കുടുംബാംഗമായ സണ്ണി നൈനാന്‍ കര്‍മ്മ ഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും കലാ ജീവിതത്തിനും കൈത്താങ്ങായി നിന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. നാളിതുവരെയുള്ള തന്റെ കലാ സപര്യയിലൂടെ നേടിയ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സണ്ണി കല്ലൂപ്പാറ വിനിയോഗിച്ചത്. ഇനിയും ആ സഹജീവി സ്‌നേഹത്തിന്റെ പാതപിന്തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ മലയാളി സമൂഹത്തിലെ മുതിര്‍ന്ന സംഘടനാ നേതാവ് തോമസ് ടി ഉമ്മന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടുള്ള പാനലിലാണ് സണ്ണി കല്ലൂപ്പാറ വൈസ് പ്രസിഡന്റായി മത്സരിക്കുന്നത്. സാമുവേല്‍ മത്തായി (ജനറല്‍ സെക്രട്ടറി), ബിനൂബ് ശ്രീധരന്‍ (ട്രഷറര്‍), ഡോ. പ്രിന്‍സ് നെച്ചിക്കാട്ട് ഡി.ബി.എ (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോന്‍ (ജോയിന്റ് ട്രഷറര്‍), എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
പെമോണയില്‍ നേഴ്‌സ് മാനേജരായിരുന്ന ജെസി ആണ് സണ്ണി കല്ലൂപ്പാറയുടെ ഭാര്യ. ഇപ്പോള്‍ റോക്ക്ലാന്‍ഡ് സൈക്യാട്രി സെന്ററില്‍ ജോലി ചെയ്യുന്ന ജെസിക്ക് കൊറോണക്കാലത്തെ സേവനങ്ങള്‍ മാനിച്ച് ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഏറ്റവും മികച്ച നേഴ്സിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളായ ജെയ്‌സണ്‍, ജോര്‍ഡന്‍, ജാസ്മിന്‍ എന്നിവര്‍ മക്കള്‍.