ബംഗളൂരു: കേരളത്തിനും തമിഴ്നാടിനും എതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ശോഭ കരന്ദലാജെ. മാർച്ച് ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ തമിഴ്നാട് സ്വദേശിയാണെന്നും കേരളത്തിൽനിന്ന് എത്തിയവർ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നുമായിരുന്നു ശോഭയുടെ വിവാദ പരാമർശം.
ബംഗളുരു നഗരത്തിലെ സിദ്ധന ലേഔട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബി.ജെ.പി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ശോഭ വിദ്വേഷ പരാമർശം നടത്തിയത്. ശോഭ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയതും സൂചിപ്പിച്ചായിരുന്നു ശോഭയുടെ വിവാദ പാരമർശം.
തമിഴ്നാട്ടിലുള്ളവർ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി രാജ്യത്തുടനീളം സ്ഫോടനങ്ങൾ നടത്തുകയാണ്. രമേശ്വരം കഫേ സ്ഫോടനത്തിനു പിന്നിലെ സൂത്രധാരൻ തമിഴ്നാട് സ്വദേശിയാണെന്നും ശോഭ പറഞ്ഞു. ‘ഒരാൾ തമിഴ്‌നാട്ടിൽനിന്നു വന്ന് ഒരു കഫേയിൽ ബോംബ് വെച്ചു. ഡൽഹിയിൽനിന്നു മറ്റൊരാൾ വന്ന് നിയമസഭയിൽ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. കേരളത്തിൽനിന്നു മറ്റൊരാൾ വന്ന് കോളജ് വിദ്യാർഥികൾക്കു നേരെ ആസിഡ് ഒഴിച്ചു’ -ശോഭ മാധ്യമങ്ങളോട് പറഞ്ഞു.