മയാമി: ബെലാറൂസിയന്‍ ടെന്നിസ് താരം അരീന സബലെങ്കയുടെ കാമുകന്‍ കോണ്‍സ്റ്റാന്റിന്‍ കോസോവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 42 വയസ്സുകാരനായ മുന്‍ ഐസ് ഹോക്കി താരം റിസോര്‍ട്ടിലെ ബാല്‍ക്കണിയില്‍നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് സ്ഥീരീകരിച്ചു. യുഎസിലെ മയാമിയിലുള്ള സെന്റ് റെജിസ് ബാല്‍ ഹാര്‍ബര്‍ റിസോര്‍ട്ടില്‍വച്ചാണ് കോണ്‍സ്റ്റാന്റിന്‍ മരിച്ചതെന്ന് പൊലീസ് വക്താവ് രാജ്യാന്തര മാധ്യമങ്ങളോടു പ്രതികരിച്ചു.
സംഭവത്തില്‍ സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അരീന സബലെങ്കയ്ക്ക് മയാമിയില്‍ സ്വന്തമായി വീടുണ്ട്. പരിശീലനത്തിന്റെ ഭാഗമായി നഗരത്തിനു പുറത്താണു സബലെങ്കയുള്ളത്. ഡബ്ല്യുടിഎയിലും എടിപി മയാമി ഓപ്പണിലും സബലെങ്കയ്ക്ക് ഈ ആഴ്ച മത്സരങ്ങളുണ്ട്.
കോണ്‍സ്റ്റാന്റിന്‍ കോസോവിന്റെ മരണം ബെലാറൂസ് ഹോക്കി ഫെഡറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ ഹോക്കി ലീഗില്‍ പിറ്റ്‌സ്‌ബെര്‍ഗ് പെന്‍ഗ്വിന്‍സിനു വേണ്ടി 144 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് കോണ്‍സ്റ്റാന്റിന്‍ കോസോവ്. 2002, 2010 ശൈത്യകാല ഒളിംപിക്‌സുകളില്‍ ബെലാറൂസിനു വേണ്ടി താരം മത്സരിച്ചിട്ടുണ്ട്.
ഒന്‍പതു തവണ ലോക ചാംപ്യന്‍ഷിപ്പിലും ഐസ് ഹോക്കി ടീമിനൊപ്പം ഇറങ്ങി. വിവാഹ ബന്ധത്തില്‍ താരത്തിന് മൂന്നു മക്കളുണ്ട്. ജൂലിയയുമായുള്ള വിവാഹബന്ധം 2020ല്‍ അവസാനിപ്പിച്ച കോണ്‍സ്റ്റാന്റിന്‍ കോസോവ് പിന്നീടാണ് ബെലാറൂസ് ടെന്നിസ് താരവുമായി അടുപ്പത്തിലായത്.