ഇന്ത്യയിലെ ജനറേറ്റീവ് എഐ മേഖലയിലും പ്രാദേശിക ഫിന്‍ടെക് വ്യവസായത്തിലും നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് വിസ ഇന്‍കോര്‍പ്പറേഷന്‍ സിഇഒ റയാന്‍ മക്‌നെര്‍നി. സിഎന്‍എന്‍-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
‘‘ഫിന്‍ടെക്കിന്റെ ഇന്നൊവേറ്ററും പ്രധാന കയറ്റുമതി രാജ്യവുമാണ് ഇന്ത്യ. ക്യുആര്‍ കോഡ് പേയ്‌മെന്റുകളിലേക്ക് ഇന്ത്യന്‍ ഫിന്‍ടെക്കുകള്‍ ഞങ്ങളെ ആകര്‍ഷിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. സിഎന്‍ബിസി-ടിവി18ന്റെ മാനേജിംഗ് എഡിറ്റര്‍ ഷെറീന്‍ ബാനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വളരെയേറെ അവസരങ്ങള്‍ ഉണ്ടെന്നും അവയുമായി സഹകരിക്കാന്‍ കാത്തിരിക്കുകയാണെന്നും റയാന്‍ പറഞ്ഞു.
‘‘ഇന്ത്യയുമായി അടുത്ത ബന്ധം വിസ ഇന്‍കോര്‍പ്പറേഷന് ഉണ്ട്. ഞങ്ങളുടെ പുതിയ ഓഫീസിലേക്കും പുതിയ മാര്‍ക്കറ്റ് സപ്പോര്‍ട്ട് സെന്ററിലേക്കും ഞങ്ങള്‍ മാറുകയാണ്. പുതിയ ഇന്റേണല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അടുത്തിടെ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ വഴികളിലും വിസ നെറ്റ്‌വര്‍ക്ക് ഇന്ത്യയില്‍ ഉപയോഗിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’’ സിഇഒ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പേയ്‌മെന്റ് കാര്‍ഡ് സേവനദാതാക്കളായ വിസ ഇന്‍കോര്‍പ്പറേഷന്‍ നിരവധി വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ വിസ ഇന്‍കോര്‍പ്പറേഷന്‍ ഇന്ത്യയുടെ ഫിന്‍ടെക്, സ്റ്റാര്‍ട്അപ് മേഖലകളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
‘‘ഇന്ത്യയിലെ ജനറേറ്റീവ് എഐ വിഭാഗത്തിലും പ്രാദേശിക ഫിന്‍ടെക് സ്ഥാപനങ്ങളിലും നിക്ഷേപം നടത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പേയ്‌മെന്റ് അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ ജനറേറ്റീവ് എഐ സഹായിക്കുന്നു. കൂടാതെ, ആഗോളതലത്തില്‍ ചെറുകിട ബിസിനസ്സുകളെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ ഉപകരണമായി ഇത് പ്രവര്‍ത്തിക്കും,’’ റയാന്‍ മക്‌നെര്‍നി ഊന്നിപ്പറഞ്ഞു.
ഇന്ത്യയിലെ ഫിന്‍ടെക് മേഖല
‘‘സാമ്പത്തികരംഗത്ത് ഫിന്‍ടെക് മത്സരം സൃഷ്ടിക്കുമെന്നതായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കണക്കാക്കിയിരുന്നത്. ഫിന്‍ടെക് കമ്പനികളെ വളരെയധികം സാധ്യതയുള്ള പങ്കാളികളായാണ് വിസ കണക്കാക്കുന്നത്. സിലിക്കണ്‍ വാലിയിലെ ഫിന്‍ടെക്കുകള്‍ വിസയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ തുറന്ന ശൃംഖലയാണ് ഞങ്ങളുടേത്,’’ ഫിന്‍ടെക് മേഖലയിലെ അവസരങ്ങളെക്കുറിച്ച് സംസാരിക്കവെ മക്‌നെര്‍നി പറഞ്ഞു.
സ്റ്റാക്ക് കയറ്റുമതി ചെയ്യാന്‍ വളരെ മികച്ച അവസരമാണ് ഉള്ളതെന്നും ഇന്ത്യയുടെ നേതൃത്വം സ്റ്റാക്കിനെക്കുറിച്ച് ലോകത്തെ കൂടുതൽ ബോധവാന്മാരാക്കിയെന്നും ഇന്ത്യ സ്റ്റാക്കിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ തനതായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിക്കാന്‍ സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, ഡെവലപ്പര്‍മാര്‍ എന്നിവരെ അനുവദിക്കുന്ന എപിഐകളുടെ(ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ്) ഒരു കൂട്ടമാണ് ഇന്ത്യ സ്റ്റാക്ക്.
സൈബര്‍ തട്ടിപ്പ്
നമ്മുടെ നെറ്റ് വര്‍ക്ക് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഒരു മാസം 400 മുതല്‍ 500 മില്ല്യണ്‍ തവണയാണ് നമ്മൾ ആക്രമിക്കപ്പെടുന്നത്. ഓരോ മാസവും ആയിരക്കണക്കിന് വ്യാജമെയിലുകള്‍ തടയുന്നുണ്ട്. സൈബര്‍ തട്ടിപ്പ് പരിശോധിക്കുന്നതിനായി ഒരു വിഭാഗം ജീവനക്കാര്‍ എപ്പോഴും പരിശോധിക്കുന്നുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ സുരക്ഷയില്‍ കൂടുതലായി നിക്ഷേപം നടത്തേണ്ടതുണ്ടെന്നും സൈബര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് മക്‌നെര്‍നി മറുപടി നല്‍കി.