കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരിക്കുകയാണ്. മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി കെജ്രിവാളിനെ അറസ്റ്റു ചെയ്തത്. കെജ്രിവാളിന് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മയക്കുമരുന്ന് കടത്ത് അല്ലെങ്കില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫണ്ടിംഗ് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമ്പാദിക്കുന്ന വലിയ തുക നിയമാനുസൃതമായ ഉറവിടങ്ങളില്‍ നിന്ന് ലഭിച്ചതായി കാണിക്കുന്നത് കള്ളപ്പണം വെളുപ്പിക്കലില്‍ ഉള്‍പ്പെടുന്നു. യുഎസില്‍ മാഫിയകള്‍ തങ്ങളുടെ കള്ളപ്പണം നിയമപരമായ കറന്‍സിയാക്കി മാറ്റുന്നതിന് കള്ളപ്പണം വെളുപ്പിക്കല്‍ ഉപയോഗിച്ച് വന്നിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. ഈ പ്രവണത ബിസിനസ് ലോകത്തും രാഷ്ട്രീയക്കാരുടെ ഇടയിലും ബ്യൂറോക്രാറ്റുകളുടെ ഇടയിലും വളരെയധികം വ്യാപിച്ചിട്ടുണ്ട്.
പലവഴികളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയും, സാധാരണ സ്വീകരിക്കുന്ന ചില വഴികള്‍ ഏതൊക്കെയെന്ന് നോക്കാം.
വസ്തുവിലോ ഭൂമിയിലോ നിക്ഷേപം നടത്തുക: വീട്, സ്ഥാപനങ്ങള്‍ പോലുള്ള വിലയേറിയ വസ്തുക്കള്‍ ആളുകള്‍ വാങ്ങുന്നത് സാധാരണയാണ്. എന്നാല്‍, രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവയുടെ മൂല്യം കുറച്ചാണ് കാണിക്കുക. ഇതിനിടയില്‍ മിച്ചമാകുന്ന പണം കള്ളപ്പണത്തിന്റെ പരിധിയില്‍ വരും. വസ്തുവിന്റെ മൂല്യം കുറച്ചു കാണിക്കുമ്പോള്‍ നികുതി കുറച്ച് നല്‍കിയാല്‍ മതിയാകും.
വ്യാജ കമ്പനികള്‍ സ്ഥാപിക്കുക: കള്ളപ്പണം വെളുപ്പിക്കാന്‍ സര്‍വസാധാരണമായി പ്രയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് വ്യാജ കമ്പനികള്‍ സ്ഥാപിക്കുന്നത്. ഇത്തരം കമ്പനികള്‍ക്ക് കാര്യമായ ആസ്തികളോ ബിസിനസ് പ്രവര്‍ത്തനങ്ങളോ ഉണ്ടായിരിക്കുകയില്ല. ഉടമസ്ഥരെ തിരിച്ചറിയാന്‍ കഴിയാതെ വരികയും കള്ളപ്പണം വെളുപ്പിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇത്തരം കമ്പനികള്‍ ഫണ്ടുകള്‍ സമാഹരിക്കുകയും വലിയ കോര്‍പ്പറ്റേുകളുമായി ലയിക്കുകയും നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.
വിദേശ ബാങ്കുകളിലെ നിക്ഷേപം: പണത്തിന്റെ സ്രോതസ്സ് സര്‍ക്കാര്‍ പരിശോധിക്കാത്ത രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന ബാങ്കുകളില്‍ തട്ടിപ്പുകാര്‍ പണം നിക്ഷേപിക്കുന്നു. ഇവ തട്ടിപ്പുകാരുടെ സുരക്ഷിത താവളമായി പ്രവര്‍ത്തിക്കുന്നു. പനാമ പേപ്പേഴ്‌സ് അഴിമതി പോലുള്ള കേസുകള്‍ ഇത്തരം അക്കൗണ്ടുകളില്‍ കള്ളപ്പണം സൂക്ഷിച്ച വ്യക്തികളെ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. സ്വിസ് ബാങ്കുകള്‍ കള്ളപ്പണത്തിന്റെ സുരക്ഷിത താവളമെന്ന നിലയില്‍ കുപ്രസിദ്ധമാണ്.