ഐപിഎല്‍ 17-ാം സീസണിന്‍റെ ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 6 വിക്കറ്റിന്‍റെ വിജയം. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പുതിയ നായകന് കീഴില്‍ ആദ്യമായി അണിനിരന്ന മഞ്ഞപ്പട സീസണിലെ ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടി. ആര്‍സിബി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 8 പന്തുകള്‍ ബാക്കിനില്‍ക്കെ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. രചിന്‍ രവീന്ദ്ര, ഇംപാക്റ്റ് പ്ലെയറാത്തെയിയ ശിവം ദുബെ, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ ചെന്നൈക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തു.
15 പന്തില്‍ നിന്ന് 3 വീതം സിക്‌സും ഫോറുമടക്കം 37 റണ്‍സെടുത്ത ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.
ആര്‍സിബി ഉയര്‍ത്തിയ 174 റണ്‍സ് ലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു ചെന്നൈയുടേത്. നായകന്‍ ഋതുരാജ് ഗെയ്ക്വാദ് (15), അജിങ്ക്യ രഹാനെ (27), ഡാരല്‍ മിച്ചല്‍ (22), ശിവം ദുബെ (34), രവീന്ദ്ര ജഡേജ (25) എന്നിങ്ങനെയാണ് ചെന്നൈ ബാറ്റര്‍മാരുടെ സംഭാവന.
ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നടിഞ്ഞതാണ് ആർസിബിക്ക് തിരിച്ചടിയായത്. എന്നാൽ അവസാന ഓവറുകളിൽ ആർസിബിയുടെ കുതിപ്പായിരുന്നു കണ്ടത്.
നാലു വിക്കറ്റ് നേടിയ മുസ്താഫിസുര്‍ റഹ്‌മാന്‍ ചെന്നൈ നിരയില്‍ താരമായപ്പോള്‍, 48 റണ്‍സ് നേടി അനുജ് റാവത്ത് ബെംഗളൂരുവിന് വേണ്ടി തിളങ്ങി. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റെടുത്ത ചെന്നൈയുടെ മുസ്താഫിസുര്‍റഹ്‌മാനാണ് ബെംഗളൂരു ബാറ്റിങ് ഓര്‍ഡറിന്റെ തലയും നടുവും ഉടച്ചത്. പക്ഷേ, ആറാം വിക്കറ്റില്‍ അനുജ് റാവത്തും (25 പന്തില്‍ 48) വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികും (24 പന്തില്‍ 34*) ചേര്‍ന്ന് പടുത്തുയര്‍ത്തിയ 95 റണ്‍സിന്റെ കൂട്ടുകെട്ട് ബെംഗളൂരുവിനെ കാത്തു. അവസാന പന്തില്‍ കാര്‍ത്തിക് സിംഗിളിനു ശ്രമിച്ചപ്പോള്‍ പന്ത് കൈപ്പിടിയിലൊതുക്കിയ ധോണി, എതിരേ വരികയായിരുന്ന അനുജ് റാവത്തിനെ റണ്ണൗട്ടാക്കി.