ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ (ഐപിഎൽ) പഞ്ചാബ് കിങ്സിന് വിജയത്തുടക്കം. ഛണ്ഡീഗഡിലെ മുല്ലൻപൂരിലെ മഹാരാജാ യാദവിന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നാലു വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. ഡല്‍ഹി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ പഞ്ചാബ് മറികടന്നു. സ്‌കോര്‍: ഡല്‍ഹി 174-9. പഞ്ചാബ് 177-6 (19.2 ). ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സാം കറന്‍ (47 പന്തില്‍ 63) ആണ് പഞ്ചാബിന് ജയമൊരുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.
ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ആണ് (16 പന്തില്‍ 22 ) പഞ്ചാബ് നിരയില്‍ ആദ്യം പുറത്തായത്. ഇഷാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ ജോണി ബെയര്‍ സ്‌റ്റോ റണ്ണൗട്ടായി മടങ്ങി. ഇംപാക്ട് താരമായെത്തിയ പ്രഭ്‌സിമ്രാന്‍ സിങ് 17 പന്തില്‍ 26 റണ്‍സെടുത്ത് വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. ജിതേഷ് ശര്‍മ (9), ശശാങ്ക് സിങ് (പൂജ്യം) എന്നിവരും പുറത്തായി.
ഐ.പി.എലില്‍ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സാം കറന്‍ (47 പന്തില്‍ 63) ആണ് പഞ്ചാബിന് ജയമൊരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. ലാം ലിവിങ്സ്റ്റണ്‍ (19 പന്തില്‍ പുറത്താവാതെ 32) നേരിട്ട അവസാന പന്ത് സിക്‌സിന് പറത്തിയാണ് വിജയം സാധ്യമാക്കിയത്. ഡല്‍ഹിക്കുവേണ്ടി ഖലീല്‍ അഹ്‌മദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ഇഷാന്ത് ശര്‍മ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ഇംപാക്ട് പ്ലെയറായി എത്തി അവസാന ഓവറുകളില്‍ വെറും പത്ത് പന്തുകളില്‍ 32 റണ്‍സെടുത്ത അഭിഷേക് പൊരേലിന്റെ വെടിക്കെട്ടാണ് ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തിയത്. ഷായ് ഹോപ്പ് 33 റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും മോശമല്ലാത്ത തുടക്കം നൽകി. നാലാം ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ മാര്‍ഷാണ് ആദ്യം പുറത്തായത്. 12 പന്തുകള്‍ നേരിട്ട് 20 റണ്‍സ് നേടിയ താരത്തെ, അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ സൂപ്പർ ക്യാച്ചോടെ രാഹുല്‍ ചാഹറാണ് പുറത്താക്കിയത്. രണ്ടുവീതം ഫോറും സിക്‌സും അടങ്ങിയ ഇന്നിങ്‌സാണ് മാര്‍ഷിന്റേത്.
പഞ്ചാബ് നിരയില്‍ ഹര്‍ഷല്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി. റബാദ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.